ഓസ്ട്രിയയില്‍ കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷം പരാജയപ്പെട്ടു ; വിദേശ സമൂഹം ആഹ്‌ളാദത്തില്‍

വിയന്ന: ഏറെ അഭ്യൂഹങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും വിരാമമിട്ട് ഓസ്ട്രിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി മുന്‍ നേതാവ് അലക്‌സാണ്ടര്‍ വാന്‍ ദേര്‍ ബെല്ലന്റെ (72) വിജയത്തില്‍ രാജ്യത്തെ വിദേശികളും സ്വദേശികളും ആഹ്ലാദം പ്രകടിപ്പിച്ചു. ബെല്ലന്‍ 53.6 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ ഹോഫറിന് 46.4 ശതമാനം വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടില്ലെങ്കിലും പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫ്രീഡം പാര്‍ട്ടി തോല്‍വി സമ്മതിച്ചതായി പ്രതിനിധികള്‍ അറിയിച്ചു.

‘ഇത്തവണ രാജ്യത്തെ പൗരന്മാരുടെ വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തി. പരാതികള്‍ ഒന്നും തന്നെയില്ല’, ഓസ്ട്രിയയുടെ ദേശിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രീഡം പാര്‍ട്ടിയുടെ ചെയര്‍മാന്‍ ഹാന്‍സ് ക്രിസ്ത്യന്‍ സ്റ്റാഹെ പറഞ്ഞു.

അമേരിക്കയില്‍ ട്രംപിന്റെ വിജയത്തിനുശേഷം ഒരു പക്ഷെ യൂറോപ്പ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത തെരഞ്ഞെടുപ്പായിരുന്നു ഓസ്ട്രിയയുടേത്. തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയിലെ നോബര്‍ട്ട് ഹോഫര്‍ വിജയിച്ചാല്‍ രാജ്യത്ത് പ്രതിസന്ധി ഉണ്ടാകുമെന്നും വിദേശികളായി എത്തി ഓസ്ട്രിയയില്‍ ജീവിക്കുന്നവര്‍ക്ക് വന്‍തിരിച്ചടി നേരിടുമെന്നും രാജ്യത്തെ സാമൂഹ്യ വ്യവസ്ഥിതി തന്നെ അപകടത്തിലാകുമെന്നും ഏറെപേര്‍ ഭയപ്പെട്ടിരുന്നു. വിജയിച്ച സ്ഥാനാര്‍ഥിക്കുവേണ്ടി ദേവാലയങ്ങളില്‍ പ്രാര്‍ഥനകളും നടന്നു.

തീവ്ര കുടിയേറ്റവിരുദ്ധത തെരഞ്ഞെടുപ്പില്‍ മുഖ്യാ ആയുധമായി പ്രയോഗിച്ച ഫ്രീഡം പാര്‍ട്ടി ബ്രിട്ടന്റെ ചുവടുപിടിച്ച് ഓസ്ട്രിയയിലും യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് ഹിതപരിശോധന (ഓക്‌സിറ്റ്) വേണമെന്ന് ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് ഓക്‌സിറ്റില്‍ നിന്നും ചുവടുമാറ്റി. അതേസമയം യൂറോപ്യന്‍ യൂണിയന്‍ ഏറെ ശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പിനെ നിരീക്ഷിച്ചത്.

കഴിഞ്ഞ മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബെല്ലനായിരുന്നു ജയം. എന്നാല്‍, വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ഫ്രീഡം പാര്‍ട്ടി നല്‍കിയ പരാതിയില്‍ കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കുകയും വീണ്ടും തെരഞ്ഞെടുപ്പിന് ഉത്തരവിടുകയുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഓസ്ട്രിയയിലെ തെരഞ്ഞെടുപ്പ് രംഗം ഇത്രയധികം ചൂടിപിടിച്ചതും ഇത് ആദ്യമാണ്. കഴിഞ്ഞ ഏപ്രിലില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണം ഡിസംബര്‍ മൂന്നിന് അവസാനിച്ചപ്പോള്‍ ചെലവായത് 15 മില്യണ്‍ യൂറോയാണ്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: