ഇറ്റലിയില്‍ ഹിതപരിശോധനയില്‍ പരാജയപ്പെട്ട് റെന്‍സി രാജിവച്ചു

റോം: ബ്രെക്‌സിറ്റിനു പിന്നാലെ, യൂറോപ്പില്‍ വീണ്ടും തീവ്രവലതുപക്ഷ കക്ഷികള്‍ക്ക് നിര്‍ണായക നേട്ടം. ഇറ്റലിയില്‍ ഭരണഘടന ഭേദഗതി സംബന്ധിച്ച ഹിതപരിശോധനയില്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി പരാജയപ്പെട്ടു. രാജ്യത്തെ നവനാസി-തീവ്രവലതുപക്ഷ വിഭാഗങ്ങളായ ഫൈവ്സ്റ്റാര്‍ മൂവ്‌മെന്റും നോര്‍തേണ്‍ ലീഗും നടത്തിയ പ്രചാരണങ്ങളാണ് റെന്‍സിയുടെ പരാജയത്തില്‍ കലാശിച്ചത്.

ഫലം പുറത്തുവന്നതോടെ, അദ്ദേഹം രാജിവെച്ചു. തിങ്കളാഴ്ച ഫലം പുറത്തുവന്നയുടന്‍ നടത്തിയ വികാരനിര്‍ഭര പ്രസംഗത്തിലാണ് 41കാരനായ റെന്‍സി രാജിപ്രഖ്യാപിച്ചത്. തുടര്‍ന്ന്, പ്രസിഡന്റ് സെര്‍ജിയോ മാറ്റാറോളയുടെ വസതിയിലത്തെി രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രിക്ക് കുടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ജനഹിതത്തില്‍ പങ്കെടുത്ത 59 ശതമാനം പേരും തള്ളുകയായിരുന്നു.

എക്‌സിറ്റ് പോളുകള്‍ റെന്‍സിക്ക് പരാജയം സംഭവിക്കുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും ഇത്രയും വലിയ മാര്‍ജിനിലുള്ള വോട്ടുനില പ്രതീക്ഷിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ രാജി ഇറ്റലിയുടെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റെന്‍സിയുടെ പരാജയത്തെ യൂറോപ്യന്‍ യൂനിയന്‍ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഹിതപരിശോധന ഫലം യൂറോപ്പിലെ കുടിയേറ്റവിരുദ്ധ, തീവ്രവലതുപക്ഷ വിഭാഗത്തിന്റെ മറ്റൊരു വിജയം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമോ എന്നതിനെക്കുറിച്ചുള്ള ഹിതപരിശോധനയായ ബ്രെക്‌സിറ്റ് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ അവിടുത്തെ തീവ്രവലതു പക്ഷത്തിന് കഴിഞ്ഞിരുന്നു. സമാനമായ സാഹചര്യം തന്നെയായിരുന്നു ഇറ്റലിയിലും.

ഹിതപരിശോധനഫലം എതിരായതോടെ, ബ്രെക്‌സിറ്റിന് സമാനമായ ഹിതപരിശോധന ഇറ്റലിയിലും നടക്കാന്‍ സാധ്യതയേറെയാണ്. തെരഞ്ഞെടുപ്പ് ഫലത്തെ ഫൈവ്സ്റ്റാര്‍ മൂവ്‌മെന്റ് നേതാവ് ബെപ്പെ ഗ്രിലോ ഇറ്റലിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എന്നാണ് വിശേഷിപ്പിച്ചത്. റെന്‍സിയുടെ പരാജയം യൂറോപ്പിനുള്ള വ്യക്തമായ സന്ദേശമാണെന്ന് നോര്‍തേണ്‍ ലീഗ് നേതാവ് മാറ്റിയോ സാല്‍വിനി പറഞ്ഞു.

യൂറോപ്യന്‍ യൂനിയന്റെ സാമ്പത്തിക ആശ്വാസ നടപടികളിലൂടെ മുന്നോട്ടുപോകുന്ന ഇറ്റലിക്ക് ഹിതപരിശോധനഫലം അത്ര ശുഭകരമായിരിക്കിലെന്നാണ് സൂചന. രാജ്യത്തെ ബാങ്കിങ് മേഖലയെ അടക്കം ഇത് ബാധിക്കാനാണ് സാധ്യത. എന്നാല്‍, അത്ര വേഗത്തില്‍ മാറ്റം പ്രതിഫലിക്കിലെന്നാണ് കരുതുന്നത്. അതേസമയം, ഹിതപരിശോധനഫലം തീവ്രവലതുപക്ഷത്തിന്റെ വിജയമലെന്നും റെന്‍സിയുടെ നിലപാടുകളോടുള്ള വിയോജിപ്പാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാവിയില്‍ സെനറ്റിനെതന്നെ അപ്രസക്തമാക്കുന്ന ഭേദഗതിയായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചിരുന്നത്. ഇത് പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കും. ഇതിനോടുള്ള വിയോജിപ്പാണ് ജനങ്ങള്‍ പ്രകടിപ്പിച്ചതെന്നും നിരീക്ഷണമുണ്ട്.
എ എം

 

Share this news

Leave a Reply

%d bloggers like this: