നോട്ട് പിന്‍വലിക്കല്‍ : കര്‍ഷകര്‍ തക്കാളി റോഡിലിട്ട് പ്രതിഷേധിച്ചു

നോട്ട് അസാധുവാക്കല്‍ തീരുമാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. രാജ്യത്ത് സ്തംഭനാവസ്ഥ സൃഷ്ടിച്ച കറന്‍സി നിരോധനം കര്‍ഷകരേയും ചെറുകിട വ്യവസായികളെയും സാധാരണക്കാരെയുമാണ് ഏറെ ദുരിതത്തിലാഴ്ത്തിയത്. ആഗോളതലത്തില്‍ വന്‍ പ്രതിഷേങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും വഴിവച്ച നോട്ടു നിരോധനത്തിന്റെ പുത്തന്‍ പ്രതിഷേധമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.രാജ്യത്തെ നാനാ മേഖലകളും പ്രതിസന്ധിയിലായിരിക്കുന്ന നോട്ട് നിരോധിക്കല്‍ തീരുമാനത്തിന് പിന്നാലെ തക്കാളി വിലയ്ക്ക് വന്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഛത്തീസ്ഗഡിലെ ഒരു പറ്റം കര്‍ഷകര്‍.

തക്കാളി വാങ്ങാന്‍ ആളില്ലാതെ വന്നതോടെ ഒരു കിലോ തക്കാളി വെറും 50 പൈസക്ക് വിറ്റഴിക്കേണ്ട ദുരിതത്തിലാണ് കര്‍ഷകര്‍. ഗ്രാമങ്ങളില്‍ അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പോലും പണമില്ലാത്തതാണ് തങ്ങള്‍ക്ക് ദുരിതമായതെന്ന് കര്‍ഷകര്‍ പറഞ്ഞു. കാര്‍ഷിക ജില്ലയായ ജാഷ്പൂരില്‍ വിളവെടുത്ത തക്കാളികള്‍ ഒന്നിച്ച് ദേശീയപാതയില്‍ കൂമ്പാരമാക്കിയിട്ട് അതിലൂടെ വാഹനമോടിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. മിക്ക മാര്‍ക്കറ്റുകളിലും കൃഷിയിടങ്ങളിലും ടണ്‍ കണക്കിന് തക്കാളിയാണ് വില്‍ക്കാന്‍ കഴിയാതെ കെട്ടികിടന്ന് ചീഞ്ഞുപോകുന്നത്.

നോട്ടുകളുടെ ക്ഷാമം കാരണം, ഇടനിലക്കാര്‍ക്ക് വളരെ കുറഞ്ഞ വിലയ്ക്കാണ് കര്‍ഷകര്‍ തക്കാളി വിറ്റഴിച്ചിരുന്നത്. ഒടുവില്‍ കിലോക്ക് 50 പൈസ എന്ന നിരക്കിലെത്തിയതോടെയാണ് കനത്ത പ്രതിഷേധത്തിന് കര്‍ഷകര്‍ നിര്‍ബന്ധിതരായത്. ഇടനിലക്കാരും പ്രാദേശിക വ്യാപാരികളും തമ്മിലുള്ള ഒത്തുകളിയാണെന്നും ഇപ്പോള്‍ തക്കാളിയുടെ വില ഇത്രയും ഇടിഞ്ഞതെന്നാണ് കര്‍ഷകരുടെ വാദം. കിലോയ്ക്ക് 50 പൈസ നല്‍കിയിട്ടു പോലും തക്കാളി ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ജില്ലാ അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് കര്‍ഷകര്‍ പ്രതിഷേധം പിന്‍വലിച്ചത്.

നോട്ടു നിരോധനത്തോടെ 2500 തൊഴിലാളികള്‍ക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടമായത്. പ്രഖ്യാപനം വന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും, ജനങ്ങളുടെ നോട്ടിനായുള്ള നെട്ടോട്ടം അവസാനിച്ചിട്ടില്ല. ഈ സന്ദര്‍ഭത്തിലാണ് കര്‍ഷകരുടെ പ്രതിഷേധം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.

 
എഎം

Share this news

Leave a Reply

%d bloggers like this: