ബ്രെക്‌സിറ്റ് നടപ്പായാല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് അസോസിയേറ്റ് പൗരത്വം നല്‍കിയേക്കും

 

ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് അസോസിയേറ്റ് യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നല്‍കാനുള്ള സാധ്യത ശക്തമാകുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ഭേദഗതി വരുത്തി ഇതു സാധ്യമാക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍, അതു കൂടുതല്‍ സമയമെടുക്കുന്ന പ്രക്രിയ ആയതിനാല്‍ അടുത്ത വര്‍ഷം ബ്രെക്‌സിറ്റ് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുന്ന വേളയില്‍ തന്നെ ഇതിന് ആവശ്യമായ നിയമ ഭേദഗതി കൂടി പാസാക്കാനാണ് പുതിയ നീക്കം.

ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂണിയനും യുകെയും തമ്മില്‍ ചര്‍ച്ച നടത്താനുള്ള സംഘത്തില്‍ അംഗമായ ലക്‌സംബര്‍ഗില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റംഗം ചാള്‍ ഗോറന്‍സാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അടുത്ത വര്‍ഷം ഏപ്രിലില്‍ ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്കു തുടക്കം കുറിക്കാനാണ് ബ്രിട്ടന്‍ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റിനായി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത് യൂറോപ്യന്‍ പാര്‍ലമെന്റിലെ ലിബറല്‍ നേതാവ് ഗൈ വെര്‍ഹോസ്റ്റാറ്റ് ആയിരിക്കും.

അസോസിയേറ്റ് പൗരത്വം ലഭിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കുള്ള അവകാശങ്ങള്‍ തുടര്‍ന്നും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് അനുഭവിക്കാനാകും. എന്നാല്‍, ഇതിന് നിശ്ചിത ഫീസ് നല്‍കേണ്ടിയും വരും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: