രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഇല്ലാതെ അസാധു നോട്ടുകള്‍ മാറ്റാമെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ വ്യാപകമായി കള്ളപ്പണം ചെലവഴിക്കുന്നുവെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടുകളെ പാടെ തള്ളി, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. സംഭാവനയായി ലഭിച്ച അസാധു നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതിയില്ലാതെ മാറ്റിയെടുക്കാമെന്നാണ് പുതിയ ഉത്തരവ്.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് നികുതിയില്ലെന്ന നിയമത്തിന്റെ മറവിലാണ് അസാധുനോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പാര്‍ട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ക്കു മാത്രമേ ഇതു ബാധകമാകുകയുള്ളു. 1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13എ വകുപ്പ് രാഷട്രീയ പാര്‍ട്ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേ സമയം വ്യക്തികളുടെ പേരിലാണ് ഇതെങ്കില്‍ ഇളവു ബാധകമാകില്ല. ബാങ്കുകളില്‍ കണക്കില്‍പെടാത്ത പണം സൂക്ഷിച്ചാല്‍ സാധാരണക്കാര്‍ക്ക് വന്‍ പിഴ ഇടാക്കുമ്പോഴാണ് രാഷട്രീയ പാര്‍ട്ടികള്‍ക്ക് തലോടല്‍. സാധാരണ വ്യക്തികളെ സംബന്ധിച്ച് പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ 2.5 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് വരുമാനമെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. ഇതിനു കഴിയാത്തവര്‍ക്ക് പാന്‍ കാര്‍ഡ് ഉണ്ടാകണം.

കഴിഞ്ഞ മാസം എട്ടിന് നോട്ടുകള്‍ അസാധുവാക്കിയതോടെ രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ള ആയിരകണക്കിന് കോടി രൂപയാണ് അസാധുവാക്കപ്പെട്ടത് .നവംബര്‍ എട്ടിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ കൊല്‍ക്കത്തയിലെ ബിജെപി ജില്ലാഘടകം വന്‍തോതില്‍ പണം ബാങ്കില്‍ നിക്ഷേപിച്ച് നോട്ട് അസാധുവാക്കലിനെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിട്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

എ എം

 

Share this news

Leave a Reply

%d bloggers like this: