നിലപാടുകളില്‍ കുഴങ്ങി കേന്ദ്രം; പഴയ നോട്ട് കൂടുതല്‍ നിക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യില്ലെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: നോട്ട് നിരോധത്തിനു ശേഷം തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍ കുഴങ്ങുന്നു. നിലപാടുകള്‍ വഴിപാട് പോലെയാണ് ഇപ്പോള്‍ കേന്ദ്രം ഉപയോഗിക്കുന്നത്. പഴയ നോട്ടുകള്‍ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനും ഇതിനോടകം പല പല നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇന്നലെയും പുതിയ നിയന്ത്രണം കൊണ്ടുവന്നു.

ഈ മാസം മുപ്പത് വരെ അസാധുവായ നോട്ടുകളില്‍ 5000 രൂപയില്‍ കൂടുതല്‍ ഒറ്റത്തവണ മാത്രമേ ബാങ്കില്‍ നിക്ഷേപിക്കാനാകൂവെന്ന് റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും അറിയിച്ചു. കൂടുതല്‍ തുകയുമായി എത്തുന്നവര്‍ ബാങ്കുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.
ഇതാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാറ്റിപ്പറഞ്ഞിരിക്കുന്നത്. പഴയ എത്ര നോട്ടുകള്‍ വേണമെങ്കിലും നിക്ഷേപിക്കാമെന്നും എന്നാല്‍ തുടര്‍ച്ചയായി വന്‍തുകകള്‍ നിക്ഷേപിക്കുമ്പോള്‍ ചോദ്യം ചെയ്‌തേക്കുമെന്നുമാണ് ജെയ്റ്റ്‌ലിയുടെ വിശദീകരണം.

വിമര്‍ശനങ്ങള്‍ക്കനുസരിച്ച് നിലപാട് മാറ്റുന്നതാണ് സര്‍ക്കാരിന്റെ ശൈലിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു . സാമ്പത്തിക വിദഗ്ധന്മാര്‍ ഒരുപാടുള്ള സര്‍ക്കാര്‍ പൊതുജന നന്മക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് നിലപാട് മാറ്റത്തില്‍ നിന്ന് തിരിച്ചറിയാനാകുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചിലര്‍ ദിവസവും ചെറിയ തുകകളായി ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ എത്തുന്നുണ്ട്. കൈവശമുള്ള പഴയ നോട്ടുകള്‍ മൊത്തമായി നിക്ഷേപിക്കാതെ പല ഘട്ടമായി ചെറു തുകകളായി ദിനേന നിക്ഷേപിക്കുന്നത് സംശയത്തിനിടയാക്കും.
നിങ്ങളുടെ കൈവശം എത്ര പഴയ നോട്ടുകളുണ്ടെങ്കിലും ഒറ്റത്തവണയായി അക്കൌണ്ടില്‍ നിക്ഷേപിക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും ഡിസംബര്‍ 30 വരെ സമയം അനുവദിച്ചിരിക്കെയാണ് നിക്ഷേപകരെ ചോദ്യം ചെയ്യാനുള്ള പുറപ്പാടുണ്ടായത്.

കൊണ്ടുവന്ന നോട്ടുകള്‍ എന്തുകണ്ട് ഇതുവരെ ബാങ്കിലിടാന്‍ തയ്യാറായില്ല എന്നതായിരിക്കും ആദ്യത്തെ ചോദ്യം.
ഉത്തരം തൃപ്തികരം ആണെങ്കില്‍ നിക്ഷേപകനെക്കുറിച്ച് വിശദമായി അന്വേഷിച്ചിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് നിക്ഷേപകരെ ചോദ്യം ചെയ്യില്ലെന്ന തിരുത്തുമായി ജെയ്റ്റ്‌ലി രംഗത്തുവന്നത്.
എ എം

 

Share this news

Leave a Reply

%d bloggers like this: