ജര്‍മനിയിലെ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ബര്‍ലിന്‍ : ബര്‍ലിനിലെ ക്രിസ്മസ് മര്‍ക്കറ്റില്‍ ട്രക്ക് പാഞ്ഞു കയറി 12 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക്‌സ്റ്റേറ്റ് ഏറ്റെടുത്തു. ഐസിസുമായി ബന്ധമുള്ള അമാഖ് എന്ന വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയത് തങ്ങളുടെ പോരാളി ആണെന്നാണ് ഐസിസ് പറയുന്നത്. എന്നാല്‍ പോരാളി ആരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക് പൗരനെ വിട്ടയച്ചു.

ട്രക്ക് ഓടിച്ചിരുന്നത് പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥിയാണെന്ന് സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവാബ് എന്നയാളെ കസ്റ്റഡിയിലെടുത്തത്. പല തവണ ചെറിയ കേസുകളില്‍ പോലീസ് അറസ്റ്റിലായ ഇയാള്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

അതേസമയം ഐസിസ് ഉത്തരവാദിത്വം ഏറ്റെടുത്ത വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ വന്നിട്ടില്ല. സംഭവം തീവ്രവാദി ആക്രമണമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റില്‍ ട്രക്ക് പാഞ്ഞുകയറി 12 പേര്‍ മരിച്ചത്. അമ്ബതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ ബര്‍ലിനില്‍ രണ്ടാം ലോക മഹായുദ്ധ സ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമാണ് അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ ട്രക്ക് ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അടുത്തിടെ ജര്‍മനിയിലുണ്ടായ ഐസിസ് ആക്രണങ്ങള്‍ നടത്തിയിരുന്നത് അഭയാര്‍ഥികളായി എത്തിയവരായിരുന്നു. ജൂലൈ 18ന് ബവേറിയന്‍ ട്രെയിനില്‍ കോടാലിയും കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയത് അഭയാര്‍ഥിയായ 17കാരനായിരുന്നു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു. അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: