ബെര്‍ലിന്‍ ട്രക്ക് ആക്രമണം; ടുണീഷ്യന്‍ പൗരനുവേണ്ടി തിരച്ചില്‍ തുടരുന്നു

ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയതെന്ന് കരുതുന്ന ആള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ടുണിഷ്യന്‍ പൗരനായ 23കാരന്‍ അനിസ് അമരി എന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഇയാളുടെ രേഖാചിത്രം ഇന്നലെ പുറത്തുവിട്ടിരുന്നു.

ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനിസ് അമരിയയെ രഹസ്യാന്വേഷണ വിഭാഗം മുമ്പ് നിരീക്ഷിച്ചിരുന്നു. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു. ഇയാളെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം യൂറോ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമി ആയുധധാരിയാണെന്ന മുന്നറിയിപ്പും പൊതുജനങ്ങള്‍ക്കായി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് പാഞ്ഞുകയറ്റിയായിരുന്നു അക്രമം നടന്നത്. സംഭവത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. 50ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവം നടന്ന മുതല്‍ തന്നെ ഭീകരവാദി ആക്രമണമാണെന്ന സംശയം സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട ഒരു ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. എന്നാല്‍ അനിസ് അമരിക്ക് ഐഎസുമായുള്ള ബന്ധം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പടിഞ്ഞാറന്‍ ബെര്‍ലിനിലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മാരകമായ കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമാണ് ഈ ദുരന്തം ഉണ്ടായത്. സംഭവം നടന്നത് ചന്തയില്‍ തിരക്ക് കൂടുതലുള്ള സമയത്തായിരുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: