തന്നെ പരിഹസിക്കാം, പക്ഷെ അഴിമതിയുമായി ബന്ധപ്പെട്ട എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം – മോദിയോട് രാഹുല്‍ ഗാന്ധി

അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്പോര് തുടരുന്നു. തന്നെ പരിഹസിച്ച മോദിക്ക് മറുപടിയുമായി രാഹുല്‍ വീണ്ടും രംഗത്തെത്തി. പ്രധാനമന്ത്രിക്ക് തന്നെ എത്രവേണമെങ്കിലും പരിഹസിക്കാമെന്നും എന്നാല്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

”കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് അഴിമതിയുമായി ബന്ധപ്പെട്ട് കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ അതിന് മറുപടി പറയുന്നതിന് പകരം എന്നെ കളിയാക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന് എത്രവേണമെങ്കിലും എന്നെ കളിയാക്കാം, പക്ഷെ രാജ്യത്തെ യുവാക്കളോട് അഴിമതി അഴിമതി ആരോപണങ്ങളെ കുറിച്ച് മറുപടി നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്”. ഉത്തര്‍ പ്രദേശിലെ ബഹ്റിച്ചില്‍ സംഘടിപ്പിച്ച റാലിയില്‍ രാഹുല്‍ അഭിപ്രായപ്പെട്ടു.

തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാഹുലിനെ പ്രധാനമന്ത്രി നേരത്തെ പരിഹസിച്ചിരുന്നു. രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചതില്‍ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്നും പക്ഷെ രാഹുല്‍ പ്രസംഗിച്ചിട്ടും ഭൂകമ്പം ഒന്നും ഉണ്ടായില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.

”ഇപ്പോള്‍ അവരുടെ യുവ നേതാവ് സംസാരിക്കാന്‍ പഠിച്ചിരിക്കുന്നു. ഭൂകമ്പം എന്തെന്ന് നാമെല്ലാം കണ്ടുകഴിഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പൊതു പ്രസംഗങ്ങള്‍ നടത്താന്‍ പഠിച്ചത് എന്നെ സന്തോഷിപ്പിക്കുന്നു”. മോദി പറഞ്ഞു. മുന്‍ പ്രധാനനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെയും മോദി കടന്നാക്രമണം നടത്തി. ദാരിദ്ര്യമാണ് മന്‍മോഹന്‍ സിംഗിന്റെ പാരമ്പര്യമെന്ന് മോദി കുറ്റപ്പെടുത്തി. ”മന്‍മോഹന്‍ സിംഗിന്റെ പ്രതിച്ഛായ ശുദ്ധമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കാലയളവിലാണ് അഴിമതികള്‍ നടന്നത്”. മോദി വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് മോദി പലപ്പോഴായി 50 കോടിയോളം രൂപ കോഴവാങ്ങിയെന്നാണ് രാഹുല്‍ ആരോപിച്ചത്.സഹാറ ഗ്രൂപ്പില്‍ നിന്ന് 40 കോടി കോഴവാങ്ങിയെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: