അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളി

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളി. കേസില്‍ എംഎം മണി പ്രതിയായി തുടരും. പ്രതിപ്പട്ടികയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വാദവും കോടതി അംഗീകരിച്ചിട്ടുണ്ട്. കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് മുട്ടം സെഷന്‍സ് കോടതിയുടെ വിധി വന്നിരിക്കുന്നത്.

ഡിസംബര്‍ 9നായിരുന്നു വിധി പറയേണ്ടിയിരുന്നത്. എന്നാല്‍ 9ന് കോടതി കൂടിയ ഉടനെ കേസ് മാറ്റി വയ്ക്കുന്നതായി ജ്ഡ്ജി അറിയിക്കുകയായിരുന്നു. അഞ്ചേരി ബേബി വധക്കേസ് അട്ടിമറിക്കാനാണ് മണിയെ മന്ത്രിയാക്കിയതെന്ന് ബിജെപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മണിയുടെ വണ്‍ ടു ത്രീ പ്രസംഗത്തോടെയാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയത്. 1982 നവംബര്‍ 13 നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്.എംഎം മണി, കെകെ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഹൈക്കോടതി ഉള്‍പ്പെടെ തള്ളിയ കേസില്‍ പുനരന്വേഷണം നടത്താനാകില്ലെന്നു പ്രതിഭാഗവും വാദിക്കുന്നു. മന്ത്രിയായ എംഎം മണിക്കും സിപിഎമ്മിനും വിധി നിര്‍ണായകമാണ്.

അതേസമയം ഇതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് എം.എം മണി പറഞ്ഞു. മന്ത്രിസ്ഥാനവും കേസും തമ്മില്‍ ബന്ധമില്ല. ഓരോ ജഡ്ജിമാരും നിയമം വ്യാഖ്യാനിക്കുന്നതിലെ പ്രശ്‌നമാണ്. കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ആവശ്യപ്പെട്ടെന്ന് കരുതി രാജിവെക്കാനില്ല. ‘വേറെ പണിയൊന്നിമില്ലേ, അതിനുവച്ച വെള്ളം അങ്ങ് വാങ്ങിവച്ചാല്‍ മതി’ – മണി പ്രതികരിച്ചു. തന്നെ മന്ത്രിയാക്കിയത് എല്‍.ഡി.എഫാണ്. മുന്നണി പറയുന്നതുപോലെ ചെയ്യും. തനിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി സംബന്ധിച്ച് പിന്നീട് ഡിവിഷന്‍ ബഞ്ചില്‍നിന്ന് അനുകൂല വിധി വന്നിട്ടുണ്ട്.

‘ഹൈക്കോടതിയും സുപ്രീം കോടതിയും കിടക്കുകയല്ലേ’ – അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന്റെ പേരില്‍ തന്റെ ഒരു രോമത്തിനുപോലും ഒരു പ്രശ്‌നവുമില്ല. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായ കേസാണിത്.
നിയമപരമായും രാഷ്ട്രീയമായും നേരിടും. മണക്കാട് പ്രസംഗത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ഗൂഢാലോചന നടത്തി എടുത്ത കേസാണിതെന്ന് അദ്ദേഹം ആരോപിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരില്‍നിന്ന് ഒരു സഹായവും സ്വീകരിക്കാതെ കേസുമായി മുന്നോട്ടുപോകും. സ്വന്തം നിലയിലാണ് അഭിഭാഷകനെ നിയമിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടറെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറ്റിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: