നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ഫോബ്സ് മാഗസീന്‍

നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫോബ്‌സ് മാഗസിന്റെ എഡിറ്റോറിയല്‍. നോട്ട് നിരോധനം അധാര്‍മ്മികവും വെറുപ്പുളവാക്കുന്നതുമാണെന്ന് മാഗസിന്റെ എഡിറ്റോറിയലില്‍ സ്റ്റീവ് ഫോബ്‌സ് വിമര്‍ശിച്ചു. മുന്‍പ് പതിവില്ലാത്ത വിധം രാജ്യത്തെ 86 ശതമാനം കറന്‍സിയും പിന്‍വലിച്ചത് സമ്പത്ത്ഘടനയ്ക്ക് തിരിച്ചടിയാകുമെന്നും എഡിറ്റോറിയല്‍ പറയുന്നു.

ഫോബ്‌സ് മാഗസിന്റെ ജനുവരി ലക്കത്തിലെ എഡിറ്റോറിയലിലാണ് വിമര്‍ശനം. ജനുവരി ലക്കം പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ പതിപ്പ് ലഭ്യമാണ്. 1970കളില്‍ നടപ്പിലാക്കിയ നിര്‍ബന്ധിത വന്ധ്യംകരണത്തോടാണ് നോട്ട് നിരോധനത്തെ ഫോബ്‌സ് മാഗസിന്‍ ഉപമിക്കുന്നത്. നോട്ട് നിരോധനം കൊണ്ട് മാത്രം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കില്ല.

പൂര്‍ണമായും പണത്തിന്റെ കൈമാറ്റത്തില്‍ അധിഷ്ടിതമായ സന്പദ്ഘടനയാണ് ഇന്ത്യയുടേത്. ഈ സാഹചര്യത്തില്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ നോട്ട് നിരോധനം നടപ്പിലാക്കിയത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് സമാനമാണെന്നും ഫോബ്‌സ് മാഗസിന്‍ വിമര്‍ശിക്കുന്നു.

ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇത്തരം തീരുമാനം എടുത്തുവെന്നത് ഞെട്ടിക്കുന്നു. നോട്ട് നിരോധനം ജനങ്ങള്‍ക്ക് തിരിച്ചടിയാണ്. കൂടാതെ ലോകത്തിന് മുന്നില്‍ ഇത് ഭീതിജനകമായ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടുന്നു. രൂപയെ സ്വിസ് ഫ്രാങ്കിന് തുല്യമായി ശക്തമാക്കുന്നതിന് ആദായ, വ്യവസായ നികുതികള്‍ കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നും സ്റ്റീവ് ഫോബ്‌സ് ആവശ്യപ്പെട്ടു. നേരത്തെ വാള്‍ സ്ട്രീറ്റ് ജേണലും നോട്ട് നിരോധനത്തെ വിമര്‍ശിച്ചിരുന്നു.

എ എം

 

Share this news

Leave a Reply

%d bloggers like this: