യു എന്‍ നിര്‍ണ്ണായക പ്രമേയ ചര്‍ച്ചയില്‍ യിസ്രായേലിന് തിരിച്ചടി

എട്ട് വര്‍ഷത്തിനിടെ ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ പാസാക്കുന്ന ആദ്യ പ്രമേയത്തില്‍ യിസ്രായേലിന് തിരിച്ചടി. 15 അംഗ സമിതിയില്‍ 14 രാജ്യങ്ങള്‍ പ്രമേയം അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാല്‍ യുഎന്‍ നടപടി തള്ളിയ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ്, പ്രമേയത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതികരിച്ചു. തങ്ങളുടെ ഉറ്റരാഷ്ട്രമായ അമേരിക്ക വോട്ടെടുപ്പില്‍ നിന്നുവിട്ടുനിന്നത് ഇസ്രായേലിനെ ഞെട്ടിച്ചിട്ടുണ്ട്.

അധിനിവിഷ്ട പലസ്തീനിലെ ഇസ്രായേലിന്റെ നിര്‍മാണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. 1967 മുതല്‍ ഇസ്രായേല്‍ നടത്തിയ കൈയേറ്റത്തിന് നിയമപിന്‍ബലമില്ല. ദ്വിരാഷ്ട്ര പരിഹാരത്തിന് കുടിയേറ്റ നിര്‍മാണങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തിവയ്ക്കുന്നതാണ് ഉചിതമെന്നും പ്രമേയത്തില്‍ പറയുന്നു.

പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ച രാജ്യങ്ങള്‍ക്കൊപ്പം ആദ്യം ഈജിപ്തും ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം അവര്‍ പിന്‍മാറി. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയെ ഫോണില്‍ വിളിച്ചതിന് ശേഷമാണ് അവര്‍ നിലപാട് മാറ്റിയത്.

പ്രമേയം അമേരിക്ക വീറ്റോ ചെയ്യുമെന്നാണ് ഇസ്രായേല്‍ കരുതിയത്. എന്നാല്‍ അമേരിക്ക വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു. അമേരിക്കയുടെത് അപ്രതീക്ഷിത നടപടിയാണെന്ന് യുഎന്നിലെ ഇസ്രായേല്‍ പ്രതിനിധി ഡാനി ഡാനന്‍ പറഞ്ഞു. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ നിര്‍മാണമാണ് പശ്ചിമേഷ്യയിലെ പ്രശ്ന പരിഹാരത്തിന് തടസമെന്ന് മേഖലയിലെ ഇസ്ലാമിക് രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ഔദ്യോഗികമായി അധികാരത്തിലേറുക ജനുവരി 20 നാണ്. അതിന് ശേഷം അമേരിക്കക്ക് വ്യത്യസ്തമായ നിലപാടായിരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ നിലപാടുകളെ പിന്തുണക്കുന്ന വ്യക്തിയാണ് ട്രംപ്. ഇസ്രായേല്‍ നിലപാടുകളെ അംഗീകരിക്കുന്ന വ്യക്തിയെയാണ് ആ രാജ്യത്തെ അമേരിക്കന്‍ അംബാസഡറായി ട്രംപ് നിര്‍ദേശിച്ചിട്ടുള്ളത്. തെല്‍ അവീവില്‍ നിന്ന് അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

എ എം

 

Share this news

Leave a Reply

%d bloggers like this: