നോട്ട് നിരോധനം നാണംകെടുത്തി’; ഉര്‍ജിത് പട്ടേലിന് ആര്‍ബിഐ ജീവനക്കാരുടെ കത്ത്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ റിസര്‍വ്വ് ബാങ്കിനെ നാണം കെടുത്തിയതായിആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് ജീവനക്കാരുടെ കത്ത്. കഴിഞ്ഞ നവംബര്‍ എട്ടിനു പ്രഖ്യാപിച്ച നോട്ട് നിരോധനം ആര്‍ബിഐയുടെ പ്രതിഛായയേയും വിശ്വാസ്യതയേയും ദോഷകരമായി ബാധിച്ചുവെന്ന് ജീവനക്കാര്‍ പറയുന്നു. നോട്ട് നിരോധനം കൈകാര്യം ചെയ്തതിലെ പിടിപ്പുകേടിനെതിരെ ജീവനക്കാര്‍ കത്തില്‍ തുറന്നടിക്കുന്നു. നോട്ട് നിരോധനവുമായി ബന്ധപെട്ട കാര്യങ്ങളില്‍ മേല്‍ നോട്ടം വഹിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉദ്യേഗസ്ഥനെ നിയമിച്ചതിനെതിരെയും കത്തില്‍ വിമര്‍ശനമുണ്ട്.

നോട്ട് നിരോധനത്തിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേടുകൊണ്ട് ആര്‍ബിഐയുടെ പ്രതിഛായ മോശമായെന്ന് യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ്വ് ബാങ്ക് ഓഫീസേഴ്സ് ആന്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ കത്തില്‍ പറയുന്നു . മാത്രമല്ല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ നിയമിക്കുക വഴി കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയുടെ സ്വയംഭരണാവകാശം ഹനിച്ചുവെന്നും ജീവനക്കാര്‍ ആക്ഷേപമുന്നയിക്കുന്നു.

ആര്‍ബിഐയുടെ സ്വയം ഭരണാവകാശത്തിന്‍മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റം കണ്ടില്ലന്ന് നടിക്കാനാകില്ല, വിഷയത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ അടിയന്തിരമായി ഇടപെടണമെന്നും കത്തില്‍ ജീവനക്കാര്‍ ആവശ്യപെടുന്നു. റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍മാരായ മന്‍മോഹന്‍സിങ്, വൈ. വി റെഡ്ഡി, ബിമല്‍ ജലാന്‍ തുടങ്ങിയവര്‍ റിസര്‍വ്വ് ബാങ്കിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ആശങ്കയറിയിച്ചതിന് പിന്നാലെയാണ് നോട്ട് നിരോധനത്തില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ക്ക് ജീവനക്കാര്‍ കത്തെഴുതിയത്.
എ എം

 

Share this news

Leave a Reply

%d bloggers like this: