കോമാളിയെ കോമാളിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല; മോദിയെ കടന്നാക്രമിച്ച് ഗാന്ധിജിയുടെ പൗത്രന്‍

ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഗാന്ധിജിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി. മോദി ഖാദിയുടെയല്ല പകരം പോളിസ്റ്ററിന്റെ മോഡലാണെന്ന് തുഷാര്‍ ഗാന്ധി ആരോപിച്ചു. കോമാളിയെ കോമാളിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാപ്പു ഖദര്‍ ധരിച്ചാണ് ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ പോയതെന്നും അല്ലാതെ പത്ത് ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഡിയുടെ കയ്യില്‍ ചര്‍ക്കയും മനസില്‍ നാഥുറാമുമാണ്. കോമളിയെ കോമാളിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. 1931ലെ ഗാന്ധിയുടെ ചരിത്രപരമായ ബ്രിട്ടീഷ് സന്ദര്‍ശനത്തെ പരാമര്‍ശിച്ചാണ് തുഷാറിന്റെ പരാമര്‍ശം. 2015ല്‍ ബാരക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ മോഡി സ്വന്തം പേര് തുന്നിയ സ്യൂട്ട് ഇട്ടത് വിവാദമായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു തുഷാര്‍ ഗാന്ധിയുടെ പരിഹാസം.

മറ്റൊരു ട്വീറ്റില്‍ ഗാന്ധിക്കുള്ള സന്ദേശം എന്ന രീതിയില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു. ‘ ബാപ്പൂ, താങ്കളുടെ ചര്‍ക്ക മോഷ്ടിക്കപ്പെട്ടിരിക്കുന്നു. ആദ്യം കുറച്ച് രണ്ടായിരം രൂപ നോട്ടുകളില്‍ ഗാന്ധിയെ ഒഴിവാക്കി. ഇപ്പോള്‍ ഖാദിയുടെ ഓഫീസില്‍ നിന്നും കലണ്ടറില്‍ നിന്നും. പകരം വന്നതാകട്ടെ പത്ത് ലക്ഷം രൂപയുടെ കോട്ട് ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയും’.

ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറുകളില്‍ നിന്നും ഡയറികളില്‍ നിന്നും ഗാന്ധി നൂല്‍നൂല്‍ക്കുന്ന ചിത്രം എടുത്തുമാറ്റി സമാനരീതിയിലുള്ള മോഡിയുടെ ചിത്രം ഉള്‍ക്കൊള്ളിച്ചതാണ് വിവാദമായത്. ഇതിനെതിരെ ഖാദി ഗ്രാമോദ്യോഗിലെ തൊഴിലാളികള്‍ കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. വിവാദ കലണ്ടറിനെ വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തി.

 

എ എം

Share this news

Leave a Reply

%d bloggers like this: