ജിഷ്ണുവിന്റേത് കൊലപാതകമോ? കൂടുതല്‍ തെളിവുകള്‍ പുറത്ത്

പാമ്പാടി നെഹ്രു കോളേജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ എന്‍ജി നീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തി. ഇതോടെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച സംശയങ്ങള്‍ ബലപ്പെടുകയാണ്. മരണത്തിനു ശേഷം പോലീസ് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത ഫോട്ടോകളിലാണ് കൂടുതല്‍ മുറിവുകള്‍ വ്യക്തമായിരിക്കുന്നത്. കൈയിലും അരക്കെട്ടിലും കാലിലുമാണ് മുറിവുകള്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ മുറിവുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നു തന്നെയാണ് സൂചനകള്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ മുറിവുകളെ കുറിച്ച് പരാമര്‍ശം ഇല്ല. ജിഷ്ണുവിന് ക്രൂര മര്‍ദനമേറ്റെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ മുറിവുകള്‍. മൂക്കിന്റെ പാലത്തിലും മേല്‍ച്ചുണ്ടിന്റെ ഇടതു വശത്തുമുണ്ടായിരുന്ന മുറിവുകളെ കുറിച്ചും കഴുത്തിന്റെ മുന്‍ വശത്തും വശങ്ങളിലുമുണ്ടായിരുന്ന പോറലേറ്റ പാടുകളെ കുറിച്ചുമായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നത്.

ശരീരത്തിലെ മറ്റ് മുറിവുകള്‍ മരണശേഷം സംഭവിച്ചതാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ മുറിവുകളെ കുറിച്ച് പരാമര്‍ശിക്കാതിരുന്നത് സംശയകരമാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു. പിജി വിദ്യാര്‍ഥിയെ കൊണ്ട് പോസ്റ്റ്മോര്‍ട്ടം ചെയ്യിച്ചതിനെതിരെ ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

കൂടുതല്‍ മുറിവുകളെ കുറിച്ച് വിവരങ്ങള്‍ പുറത്തു വന്നതോടെ സംഭവത്തില്‍ കോടതിയെ സമീപിക്കാനാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ തീരുമാനം. ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകളെ കുറിച്ച് എഫ്ഐആറിലും പരാമര്‍ശം ഇല്ലാതിരുന്നതിനാല്‍ നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് കുടുംബം പറയുന്നത്. കോപ്പിയടിച്ചതില്‍ പിടിക്കപ്പെട്ടതില്‍ മനംനൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് മാനേജ്മെന്റിന്റെ വാദം. മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കളുടെ ആരോപണം.

ജിഷ്ണുവിന്റെ മരണത്തോടെ കോളേജില്‍ നടക്കുന്ന ക്രൂര പീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആരോപണങ്ങളോ സംശയങ്ങളോ അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. കോളേജിന് ഉന്നത രാഷ്ട്രീയ ബന്ധം ഉള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് ആരോപണം.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: