കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ ജനകീയ സേവനങ്ങള്‍ ഇനി കയ്യെത്തും ദൂരത്തില്‍

കോര്‍ക്ക്: പൊതുജന സേവനങ്ങള്‍ സര്‍വത്രികമാക്കുവാന്‍ ലക്ഷ്യമിട്ട് കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന് തുടക്കം കുറിച്ചു. ജനങ്ങള്‍ക്ക് 45 അവശ്യ സേവനങ്ങളെക്കുറിച്ച് അറിയാന്‍ കഴിയുന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വിഷധാംശങ്ങളെക്കുറിച്ച്  ഇന്നലെ കൗണ്ടി ഹാളില്‍ വെച്ച് നടന്ന പ്രതേക ചടങ്ങില്‍ വെച്ചാണ് പ്രഖ്യാപിക്കപ്പെട്ടത്. സ്വന്തമായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുന്ന അയര്‍ലണ്ടിലെ ആദ്യ കൗണ്ടിയാണ് കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍.

ഡിജിറ്റല്‍ സേവനങ്ങള്‍ വളരെ നേരത്തെ തന്നെ ആരംഭിച്ച കൗണ്‍സില്‍ ഈ സംവിധാനം എത്രത്തോളം വിജയിക്കുമെന്നറിയാനുള്ള പരീക്ഷണത്തിലായിരുന്നു. പരീക്ഷണാര്‍ത്ഥം ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിച്ച 3000 പേരില്‍ നിന്ന് നല്ല ഫീഡ്ബാക് ലഭിച്ചതിനെ തുടര്‍ന്ന് പോര്‍ട്ടല്‍ എല്ലാവര്‍ക്കുമായി ഉപയോഗിക്കാന്‍ സൗകര്യപ്പെടുത്തുകയായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകുന്ന ഈ ഓണ്‍ലൈന്‍ സൗകര്യം അടുത്ത ആഴ്ചകളില്‍ വിപുലീകരിച്ച് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ഉദ്ദേശിക്കുന്നതായി കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ മേയര്‍ ക്ലര്‍ സീമസ് മെക് ഗ്രത്ത് വ്യക്തമാക്കി.

നിര്‍ദ്ദേശങ്ങള്‍ ലഭിക്കാനും, പരാതികള്‍ അറിയിക്കാനും ഉപയോഗപ്രദമായ ഈ സേവനത്തിലൂടെ റോഡിലെ കുഴികള്‍, നടപ്പാതകളിലെ പ്രശ്‌നങ്ങള്‍, റോഡ് ഗതാഗതത്തിലെ തടസ്സങ്ങള്‍ തുടങ്ങി വളര്‍ത്തു നായ്ക്കള്‍ക്കു വേണ്ടിയുള്ള ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍ പോലും ശേഖരിക്കാന്‍ കഴിയും. കെട്ടിട പ്ലാനിങ് വിവരങ്ങള്‍, റിക്രൂട്‌മെന്റ്‌സ്, പരിസ്ഥിതി അനുമതി ലഭിക്കേണ്ട വിഷയങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലൂടെ ലഭ്യമാകുമെന്ന് കൗണ്‍സില്‍ അറിയിച്ചു. ലഭ്യമാക്കേണ്ട വിവരങ്ങളുടെ എണ്ണം വരും മാസങ്ങളില്‍ ഉയര്‍ത്താനുള്ള ക്രമീകരങ്ങള്‍ നടത്തുമെന്നും കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ കൗണ്ടി കൗണ്‍സിലിലെ അന്വേഷണ വിഭാഗത്തിലേക്ക് ഫോണ്‍ വിളിച്ചും കത്ത് അയച്ചും, ഇ-മെയില്‍ വഴിയും അന്വേഷണങ്ങള്‍ നടത്താന്‍ കഴിയും. ഇത് തുടര്‍ന്നും ലഭ്യമാകുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ഇത്തരം കസ്റ്റമര്‍ സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് www.corkcoco.ie എന്ന വെബ്‌സൈറ്റിലോ, അല്ലെങ്കില്‍ www.yourcouncil.ie-ലോ കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.

Share this news

Leave a Reply

%d bloggers like this: