കേരളത്തില്‍ പെണ്‍ഭ്രുണഹത്യ വര്‍ദ്ധിക്കുന്നു; ആണ്‍-പെണ്‍ അനുപാതത്തില്‍ ഞെട്ടിക്കുന്ന കുറവ്

സംസ്ഥാനത്ത് ആണ്‍-പെണ്‍ ലിംഗാനുപാതം കുറയുന്നുവെന്ന് കണക്കുകള്‍. പെണ്‍കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭഛിദ്രവും ലിംഗനിര്‍ണയവും സംസ്ഥാനത്ത് വര്‍ധിക്കുന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. ആറുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ആണ്‍-പെണ്‍ ലിംഗാനുപാതത്തിലെ കുറവ് വ്യക്തമാകും. സന്നദ്ധസംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും നടത്തിയ പഠനങ്ങളില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്.

സ്‌കാനിങ് സെന്ററുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ലിംഗനിര്‍ണയവും ഗര്‍ഭഛിദ്രവും നടത്തുന്നതാണ് പെണ്‍കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമെന്ന് പഠനം നടത്തിയ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് തൃശൂരിലാണ് പെണ്‍കുട്ടികളുടെ അനുപാതത്തില്‍ സാരമായ കുറവുള്ളത്. 2001ലെ സെന്‍സസ് പ്രകാരം ആയിരം ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളുടെ അനുപാതം 958 ആയിരുന്നു. 2011ല്‍ ഇത് 950 ആയി. ഇപ്പോള്‍ അതിലും കുറഞ്ഞെന്നാണ് അനൗദ്യോഗിക കണക്ക്. തൃശൂരിലെ അവസ്ഥ ഗൗരവമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

വാര്‍ഷിക സര്‍വേകളിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആണ്‍-പെണ്‍ അനുപാതം ഔദ്യോഗികമായി കണക്കാക്കുന്നത്. സെന്‍സസും ഐസിഡിഎസ് വാര്‍ഷിക സര്‍വേയും താരതമ്യം ചെയ്താല്‍ പെണ്‍കുട്ടികളുടെ കുറവ് വ്യക്തമാകും. സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ലിംഗാനുപാതം 964 ആയിരുന്നെങ്കില്‍ ഐ.സി.ഡി.എസ് സര്‍വേയില്‍ 961 ആണ്. അനൗദ്യോഗിക സര്‍വേകളില്‍ ഇത് വീണ്ടും കുറഞ്ഞിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ ചില ആശുപത്രികള്‍, സ്‌കാനിങ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലിംഗനിര്‍ണയവും ഗര്‍ഭഛിദ്രവും വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് ഇത്തരമൊരു സ്ഥാപനത്തിനെതിരെ നടപടിയെടുത്തിരുന്നു.
സര്‍വേ റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് സ്‌കാനിങ് സെന്ററുകള്‍, വന്ധ്യതചികിത്സാ കേന്ദ്രങ്ങള്‍ എന്നിവയെ നിയന്ത്രിക്കാനും നടപടി കൈക്കൊള്ളാനും ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സ്‌കാനിങ് സെന്ററുകളെ കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എ എം

 

Share this news

Leave a Reply

%d bloggers like this: