തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുത്തന്‍ വഴിത്തിരിവ്; അപ്രതീക്ഷിത പ്രഹരത്തില്‍ ഞെട്ടി ചിന്നമ്മയും സംഘവും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി. ഈ കേസില്‍ ശശികല കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഇതോടെ എഡിഎംകെ ജനറല്‍ സെക്രട്ടറിയായ ശശികലയ്ക്ക് നാലുവര്‍ഷം തടവും പത്തു കോടി പിഴയും.

ഇതോടെ ശശികലക്ക് പത്ത് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. എഐഎഡിഎംകെ സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രി പദ മോഹവുമെല്ലാം ഇതോടെ അസ്തമിച്ചതായി വിലയിരുത്താം.

ജയലളിതയുടെ സ്വത്ത് കണക്ക് കൂട്ടിയതില്‍ കര്‍ണാടക ഹൈക്കോടതിക്ക് തെറ്റ് പറ്റിയത് കൊണ്ടാണ് കോടതി അവരെ വെറുതെ വിട്ടതെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്ന ശശികലയുടെ ഭാവി നിര്‍ണയിക്കുന്ന വിധി കൂടിയാകും ഇന്നത്തേത്.

സുപ്രീം കോടതി വിധി ശരിവച്ചതിനു പിന്നാലെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിനുള്ളിലേക്ക് പൊലീസ് കടന്നു. സംസ്ഥാന ഗതാഗത വകുപ്പിന്റെ നാലു ബസ്സുകളും റിസോര്‍ട്ടിനുള്ളിലെത്തിച്ചിട്ടുണ്ട്. എംഎല്‍എമാരെ ഇവിടെനിന്നു നീക്കാനാണെന്നാണ് കരുതുന്നത്. റിസോര്‍ട്ടിനുചുറ്റും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെയും കമാന്‍ഡോകളെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ സേനയെ ഇവിടേക്ക് അയച്ചിട്ടുമുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട്ടിലും കര്‍ണാടക അതിര്‍ത്തിയിലും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടതായി പനീര്‍ശെല്‍വം പ്രതികരിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്‌ക്കെതിരായി സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തിന്റെ പാളയത്തില്‍ വലിയ ആഘോഷമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശശികല ക്യാമ്പിലുള്ള എംഎല്‍എമാരില്‍ ചിലര്‍ ഒ. പനീര്‍ശെല്‍വത്തിനൊപ്പം വരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള പനീര്‍ശെല്‍വത്തിന്റെ നീക്കത്തിന് വിലങ്ങുതടിയായി നിന്നത് ശശികലയായിരുന്നതിനാല്‍ വിധി പനീര്‍ശെല്‍വത്തിന് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് നല്‍കിയ നിര്‍ദേശം നിയമസഭയില്‍ ശശികലയ്ക്കും പനീര്‍ശെല്‍വത്തിനും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരമൊരുക്കണം എന്നതായിരുന്നു. രഹസ്യബാലറ്റ് വഴി ഓരോ എംഎല്‍എയും തങ്ങളുടെ വോട്ട് രേഖപ്പെടുത്തണം. എന്നാല്‍ വിധി ശശികലയ്ക്ക് എതിരായതോടെ മുഖ്യമന്ത്രി മോഹം ഉപേക്ഷിക്കുകയേ വഴിയുള്ളൂ.

സുപ്രീംകോടതി ശശികലയെ കുറ്റക്കാരിയെന്ന് വിധിച്ചതോടെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട. മാത്രമല്ല അടുത്ത 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. അടുത്ത പത്ത് വര്‍ഷം രാഷ്ട്രീയത്തില്‍ ശശികലയ്ക്ക് ഇനി റോളില്ല. ഈ സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം.

സുപ്രീംകോടതി വിധി ശശികലയ്ക്ക് അനുകൂലമാണെങ്കില്‍ മുഖ്യമന്ത്രി പദത്തിന് അവര്‍ ഉയര്‍ത്തുന്ന അവകാശ വാദം തുടരാമായിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും അവസരമുണ്ടായിരുന്നു. പക്ഷേ 4 വര്‍ഷം തടവും 6 വര്‍ഷം വിലക്കുമാണ് ശശികലയെ കാത്തിരിക്കുന്നത്.

വിധി സംബന്ധിച്ച് സുപ്രീം കോടതിക്ക് അഭിപ്രായഭിന്നത ഉണ്ടെങ്കില്‍ കേസ് മൂന്നംഗ ബെഞ്ചിന് കൈമാറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അങ്ങനെയെങ്കില്‍ വിധി വരാന്‍ പിന്നെയും കാലതാമസം വരുമായിരുന്നു. ആ സാഹചര്യത്തില്‍ ശശികലയെ മുഖ്യമന്ത്രിയാവുന്നതില്‍ നിന്നും ഗവര്‍ണര്‍ക്ക് തടയാനാവില്ലായിരുന്നു. പക്ഷേ ഏകകണ്ഠമായാണ് കോടതി വിധി പ്രഖ്യാപിച്ചത്.

സുപ്രീം കോടതി കേസ് ഹൈക്കോടതിക്ക് തന്നെ കൈമാറിയാലും ശശികലയ്ക്ക് പ്രശ്നമില്ലായിരുന്നു. ശശികലയെ വെറുതെവിട്ട ഹൈക്കോടതി വിധിക്ക് തന്നെയാണ് അപ്പോഴും സാധുത. ഈ സാഹചര്യത്തിലും ശശികലയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരമുണ്ടായിരുന്നു. പക്ഷേ എല്ലാ സാധ്യതകളും സുപ്രീം കോടതി വിധി വന്നതോടെ അപ്രസക്തമായി.

ഇനി ഗവര്‍ണര്‍ക്ക് ചെയ്യാനുളളത് മുഖ്യമന്ത്രിക്കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുന്ന പനീര്‍ശെല്‍വത്തെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ക്ഷണിക്കുക എന്നതാണ്. പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാനായാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കും. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് താല്‍പര്യം ശശികലയേക്കാള്‍ പനീര്‍ശെല്‍വത്തോടാണെന്ന് നേരത്തെ തന്നെ വ്യക്തമായതായിരുന്നു. പനീര്‍ശെല്‍വം തമിഴ്നാട് ഭരിക്കാന്‍ കഴിവുള്ള ആളാണ് എന്ന് ഗവര്‍ണര്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: