മോശമായി പെരുമാറുന്ന മക്കള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമില്ല, ഇവരെ വീട്ടില്‍നിന്നും പുറത്താക്കാം: ദില്ലി ഹൈക്കോടതി

മോശം പെരുമാറ്റമുള്ള കുട്ടികളെ വീട്ടില്‍നിന്നും ഇറക്കിവിടാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ദില്ലി ഹൈക്കോടതി. അവര്‍ക്ക് പിന്നീട് മാതാപിതാക്കളുടെ സ്വത്തിലും അവകാശമില്ലെന്നും കോടതി പറഞ്ഞു. വീട് മാതാപിതാക്കളുടെ പേരിലല്ലെങ്കിലും മാതാപിതാക്കളോട് മോശം പെരുമാറ്റം കാണിക്കുന്നവരെ വീട്ടില്‍നിന്നും പുറത്തിറക്കാം എന്നാണ് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

മുതിര്‍ന്ന പൗരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദില്ലി ഹൈക്കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. രാജ്യത്തെ മുതിര്‍ന്ന പൗന്‍മാരുടെ ക്ഷേമത്തിനായി 2007ല്‍ കൊണ്ടുവന്ന ”മെയ്ന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റസ് ആന്റ് സീനിയര്‍ സിറ്റിസണ്‍ നിയമത്തെ” പരാമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് മന്‍മോഹന്‍ സുപ്രധാനമായ നിരീക്ഷണം നടത്തിയത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും, രക്ഷിതാക്കള്‍ക്കും മക്കളില്‍നിന്നും അധിക്ഷേപവും പീഡനങ്ങളും ഒഴിവാക്കാനാണ് ഇത്തരം നിയമങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കള്‍ മക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചെത്തിയാല്‍ തെളിവുകളില്ലാതെ തന്നെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. സ്വന്തം പേരിലുള്ള വീട്ടില്‍ നിന്ന് മാത്രമേ മാതാപിതാക്കള്‍ക്ക് മക്കളെ പുറത്താക്കാന്‍ സാധിക്കുള്ളൂ എന്നത് ദില്ലി സര്‍ക്കാരിന്റെ നിയമ മായിരുന്നുവെന്നും, എന്നാല്‍ ഈ നിയമം എല്ലാ മാതാപിതാക്കള്‍ക്കും വേണ്ട രീതിയില്‍ സംരക്ഷണം നല്‍കുന്നില്ലെന്നും കോടതി കണ്ടെത്തി.
എ എം

Share this news

Leave a Reply

%d bloggers like this: