വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി; മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ നടത്താനും തീരുമാനം

സ്വകാര്യ സ്ഥാപനം തയാറാക്കിയ ചോദ്യേപപ്പറിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന ആക്ഷേപത്തെത്തുടര്‍ന്ന് എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ വീണ്ടും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റദ്ദാക്കിയ കണക്ക് പരീക്ഷ ഈ മാസം 30ന് നടത്തും. അന്ന് നടത്താനിരുന്ന മറ്റ് പരീക്ഷകള്‍ 31ലേക്ക് മാറ്റിവെച്ചു. ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നതിനാലാണ് സര്‍ക്കാര്‍ തീരുമാനം. കണക്കു ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് സ്വകാര്യസ്ഥാപനവുമായി ബന്ധമുണ്ടെന്നും ഇയാള്‍ സ്വകാര്യസ്ഥാപനത്തില്‍ ക്ലാസ് എടുക്കാറുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്.

Aനേരത്തേ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചോദ്യകര്‍ത്താവിനെ പാനലില്‍നിന്ന് ഒഴിവാക്കാന്‍ ഡി.പി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ ഹയര്‍ സെക്കന്‍ഡറി അധ്യാപകനാണ് ചോദ്യേപപ്പര്‍ തയാറാക്കിയത്. ഇയാള്‍ക്കെതിരെ നടപടിയുണ്ടാകും.
കണക്ക് പരീക്ഷയിലെ പതിമൂന്നോളം ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന്റെ ചോദ്യപേപ്പറില്‍ നിന്നും കോപ്പിയടിച്ചെന്നാണ് പരാതി. പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ ചോദ്യങ്ങള്‍ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളെ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ ഉണ്ടെന്നതായിരുന്നു കാരണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കേണ്ടാത്ത ഭാഗങ്ങളില്‍ നിന്നായിരുന്നു ഈ ചോദ്യങ്ങള്‍. ഇക്കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും നീതികിട്ടാതെ പോകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

സ്‌കൂള്‍ അധ്യാപകര്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കണം എന്നിരിക്കെ കോളെജ് അധ്യാപകരാണ് ഇത്തവണത്തെ കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്ന വിവരവും പുറത്ത് വന്നിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചെയ്തിരുന്നു. ശരാശരി വിദ്യാര്‍ത്ഥികളെ വെള്ളംകുടിപ്പിക്കുന്നതായിരുന്നു കണക്ക് പരീക്ഷ. ശക്തമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: