സ്ത്രീയായത് കൊണ്ട് അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജി പദം നിഷേധിച്ചെന്ന് നിക്കി ഹാലി

സാമൂഹ്യ സാഹചര്യങ്ങള്‍ മൂലം ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിയാതെ പോയ ആളാണ് തന്റെ അമ്മയെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥാനപതിയും ഇന്ത്യാക്കാരിയുമായ നിക്കി ഹാലി. അമേരിക്കന്‍ വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് കരുതുന്ന ആളാണ് താനെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിട്ടുളള ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അവര്‍ പരാമര്‍ശിച്ചു.

ഇന്ത്യയിലെ ആദ്യ കാല അഭിഭാഷകരില്‍ ഒരാളായിരുന്നു തന്റെ അമ്മ. അന്നത്തെ സാമൂഹ്യ വ്യവസ്ഥകള്‍ മൂലമാണ് അമ്മയ്ക്ക് ജഡ്ജിയാകാന്‍ കഴിയാതെ പോയത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ പോലും വിലക്കുളളപ്പോഴാണ് അമ്മ ഇത്രയും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയത്. എന്നാല്‍ സ്ത്രീയായതിനാല്‍ ജഡ്ജി സ്ഥാനം നിഷേധിക്കപ്പെട്ടു.

പിന്നീട് താന്‍ സൗത്ത് കരോലിനയിലെ ഗവര്‍ണറും പിന്നീട് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധിയുമാകുന്നത് കണ്ട് അമ്മ അഭിമാനിച്ചിട്ടുണ്ടാകാമെന്നും നിക്കി പറഞ്ഞു.
പഞ്ചാബില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് നിക്കിയുടെ മാതാപിതാക്കള്‍. അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ചിരുന്ന പട്ടാള ക്യാപ്റ്റന്‍ മൈക്കലാണ് ഭര്‍ത്താവ്.

Share this news

Leave a Reply

%d bloggers like this: