കടുത്ത വേനലില്‍ ഇന്ത്യ ഉരുകുന്നു; ഉഷ്ണക്കാറ്റില്‍ അഞ്ച് പേര്‍ മരിച്ചു

ദക്ഷിണേന്ത്യക്കു പുറമെ ഉത്തര, മധ്യ, പശ്ചിമ ഇന്ത്യയിലും കനത്ത ചൂട്. മഹാരാഷ്ട്രയിലെ ഭിരയിലാണ് അടുത്ത ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 46.5 ഡിഗ്രി സെല്‍ഷ്യസ്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ഏഴു വര്‍ഷത്തിനിടെ ഉയര്‍ന്ന താപനില.  വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ രാജ്യത്ത് താപനില വര്‍ധിക്കുന്നത് ആശങ്കയിലാക്കുന്നു. മഹാരാഷ്ട്രയില്‍ ഉഷ്ണക്കാറ്റില്‍ അഞ്ച് പേര്‍ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്.

മഹാരാഷ്ട്രയിലെ അകോളയില്‍ 44.1 ഡിഗ്രിയാണ് ചൂട്. രാജ്യത്തെ ശരാശരി താപനില 40 ഡിഗ്രിയാണ്. ശരാശരി രണ്ട് ഡിഗ്രി വരെ കുറയാമെങ്കിലും ചൂടിന് ശമനമുണ്ടാകില്ല. ഉത്തരേന്ത്യയില്‍ ചെറിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എം. മഹാപത്ര അറിയിച്ചു. കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള ഹിമാലയ സംസ്ഥാനങ്ങളിലും സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നു.

മെയ് മാസത്തില്‍ അനുഭവപ്പെടുന്ന ചൂടാണ് ഉത്തര, മധ്യ, പശ്ചിമ ഇന്ത്യയില്‍ പലയിടത്തും ഇപ്പോഴത്തേതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ദക്ഷിണ ഉത്തര്‍പ്രദേശ്, ദക്ഷിണ ഹരിയാന, ചണ്ഡീഗഢ്, ഒഡീഷയുടെ ഉള്‍നാടുകള്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച വരെ ചൂട് കാറ്റിന് സാധ്യതയെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ദക്ഷിണേന്ത്യയില്‍ നേരത്തെ തന്നെ ഉയര്‍ന്ന താപനിലയുണ്ട്. തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലാണ് ചൂട് കൂടുതല്‍.

കേരളത്തില്‍ ചൂട് എക്കാലത്തേയും ഉയര്‍ന്ന സ്ഥിതിയിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇന്ത്യയില്‍ 1901നുശേഷം ഏറ്റവും കൂടുതല്‍ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയത് 2016ലാണെന്ന് എര്‍ത്ത് സിസ്റ്റ് സയന്‍സ് ഓര്‍ഗനൈസേഷന്‍, കേന്ദ്ര ഭൂമി ശാസ്ത്ര മന്ത്രാലയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കാലാവസ്ഥാ ഗവേഷണ, സേവന വകുപ്പ് എന്നിവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2016 ലേതിനേക്കാള്‍ 0.67 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് 2017 ല്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 ലെ സാധാരണ ചൂടിനേക്കാള്‍ മാര്‍ച്ച്-മെയ് കാലഘട്ടത്തിലെ ചൂടിന്റെ അളവില്‍ 1.0 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കൂടുതല്‍ വര്‍ധനയുണ്ടാകുമെന്നാണ് കണ്ടെത്തല്‍.

എക്കാലത്തേയും വലിയ വരളര്‍ച്ച സമാഗതമായതോടെ ജലസ്രോതസ്സുകള്‍ ചക്രശ്വാസം വലിക്കുകയാണ്. നദികള്‍ വറ്റി വരണ്ടു. മഴയുടെ അളവ് ക്രമാധീതമായി കുറഞ്ഞതോടെ ചൂട് അതിതീക്ഷ്ണമായി. ഭൂഗര്‍ഭജല വിതാനം മുക്കാല്‍ കിലോമീറ്ററോളം താഴ്ന്നുവെന്നാണ് ഭൂജലവകുപ്പിന്റെ റിപ്പോര്‍ട്ട്. മഴ പെയ്യാത്തതാണ് ഇതിനു കാരണം. ജലസംഭരണികളില്‍ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 45 ശതമാനം വെള്ളത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ബാഷ്പീകരണത്തോത് വര്‍ധിച്ചതോടെ അന്തരീക്ഷത്തിലെ ജലാംശം പൂര്‍ണമായും നഷ്ടമായി. ഇതോടെ സൂര്യതാപം നേരിട്ടു ഭൂമിയില്‍ പതിക്കാന്‍ തുടങ്ങി. കേരളത്തിലെമ്പാടും കൃഷി ഭൂമികള്‍ കരിഞ്ഞുണങ്ങുകയാണ്. ഇത്തവണ വരള്‍ച്ച മൂലം സംസ്ഥാനത്ത് 30,000 ഹെക്ടറിലാണ് കൃഷിനാശമുണ്ടായിരിക്കുന്നത്. ഇതോടെ നെല്ലുല്‍പാദനത്തിലടക്കം വന്‍കുറവുണ്ടാകുമെന്ന് കൃഷിമന്ത്രി തന്നെ കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: