തോമസ് ചാണ്ടി ഗതാഗത മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

എ.കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടി എന്‍.സി.പിയുടെ മന്ത്രിയാകും. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് കുട്ടനാട് എം.എല്‍.എ ആയിരുന്ന തോമസ് ചാണ്ടിക്ക് നറുക്ക് വീണത്.

മന്ത്രി സ്ഥാനത്തേക്ക് തിരികെ വരുന്നതില്‍ നിന്നും എ.കെ ശശീന്ദ്രന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ചാണ്ടിയെ പരിഗണിച്ചത്. എന്‍.സി.പി നേതൃത്വവും എല്‍.ഡി.എഫ് നേതാക്കളും തമ്മില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇത് മൂന്നാം തവണയാണ് തോമസ് ചാണ്ടി മന്ത്രിയാകുന്നത്.

ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് രാജ്ഭവനില്‍ വെച്ച് തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശശീന്ദ്രന്‍ ഉള്‍പ്പട്ട വിവാദത്തില്‍ ചാനല്‍ മേധാവി ഖേദം പ്രകടിപ്പിച്ചതോടെ ശശീന്ദ്രന് വീണ്ടും മന്ത്രി സാധ്യത തെളിയുന്നുവെന്ന സൂചനയായിരുന്നു വെള്ളിയാഴ്ച രാവിലെയുണ്ടായിരുന്നത്. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി രാവിലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന തോമസ് ചാണ്ടി താന്‍ മന്ത്രിയാകുമെന്ന് 100 ശതമാനം ഉറപ്പാണെന്ന് പറഞ്ഞു.

ഈ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായി എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന കത്തും കൈമാറിയിരുന്നു. പിണറായി മന്ത്രിസഭാ രൂപവത്കരണ സമയത്ത് മന്ത്രിസ്ഥാനത്തിന് വേണ്ടി തോമസ് ചാണ്ടി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും തര്‍ക്കത്തിനൊടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എ.കെ ശശീന്ദ്രന് അനുകൂലമായതോടെയാണ് ശശീന്ദ്രന് നറുക്ക് വീണത്. അപ്പോഴും രണ്ടരവര്‍ഷം വീതം ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ അതും പിന്നീട് നേതൃത്വം തള്ളി. 10 മാസം മുമ്പ് കൈവിട്ടുപോയ മന്ത്രിപദവിയാണ് തോമസ് ചാണ്ടിയെ തേടി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുകയാണ് തനിക്ക് മുന്നിലുള്ള ലക്ഷ്യമെന്ന് നിയുക്ത ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. മന്ത്രിയായി നിശ്ചയിക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിലായിരുന്നു തോമസ് ചാണ്ടി ഇക്കാര്യം പറഞ്ഞത്. ശശീന്ദ്രന് ക്ലീന്‍ചിറ്റ് ലഭിച്ച് തിരിച്ചുവന്നാല്‍, താന്‍ സന്തോഷത്തോടെ സ്ഥാനമൊഴിഞ്ഞുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: