ഷാനോന്‍ എയര്‍പോര്‍ട്ട് ഇന്ന് മുതല്‍ ഓട്ടിസ സൗഹൃദ വിമാനത്താവളമായി മാറും

ഡബ്ലിന്‍: യാത്രക്കാരുടെ വൈകല്യങ്ങളെ കണക്കിലെടുത്ത് അവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന ജന കേന്ദ്രങ്ങളാക്കി വിമാനത്താവളങ്ങളെ മാറ്റേണ്ടതിന്റെ ആവശ്യകത പ്രവര്‍ത്തിയിലൂടെ കാണിച്ചു തരികയാണ് അയര്‍ലണ്ടിലെ ഷാനോന്‍ എയര്‍പോര്‍ട്ട്. ലോക ഓട്ടിസം ദിനമായ ഇന്ന് മുതല്‍ ഷാനോന്‍ എയര്‍പോര്‍ട്ട് ഓട്ടിസ-സൗഹൃദ എയര്‍പോര്‍ട്ടായി അറിയപ്പെടും. യൂറോപ്യന്‍ രാജ്യങ്ങളിലെ ആദ്യത്തെ സംരംഭമായ ഈ പദ്ധതിയിലൂടെ ഷാനോന്‍ എയര്‍പോര്‍ട്ട് ചരിത്രത്തിലിടം നേടുകയും ചെയ്തു.

ഐറിഷ് ടോയ് കമ്പനി ആദം ആന്‍ഡ് ഫ്രെണ്ട്‌സിന്റെ രൂപരേഖയില്‍ തയ്യാറായ സെന്‍സറി റൂം അംഗപരിമിതര്‍, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വ്യക്തികള്‍, ഓട്ടിസം ബാധിതര്‍ എന്നിവര്‍ക്ക് വേണ്ടി ഇന്ന് മുതല്‍ തുറന്നു കൊടുക്കും. അക്വറ്റിക് ബബിള്‍ ടൂബ്, നിറം മാറുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍, വീല്‍ പ്രൊജക്ടര്‍, പ്രത്യേകം തയ്യാറാക്കിയ തൊട്ടാല്‍ മനസിലാക്കാന്‍ കഴിയുന്ന ചുവരുകള്‍ എന്നിവയാണ് ഈ സെന്‍സറി റൂമിലുള്ളത്. രോഗികള്‍ക്ക് സൗഹൃദപരമായ രീതിയില്‍ വിമാനത്താവള സൗകര്യം ലഭിക്കാന്‍ പര്യാപ്തമാണ് സെന്‍സര്‍ റൂം.

എല്ലാ യുറോപ്യന്‍ വിമാനത്താവളങ്ങളിലും ഈ സംവിധാനം ഉണ്ടാവണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ നില്‍ മാലോനി അഭിപ്രായപ്പെട്ടു. ഷാനോണിന്റെ സൗന്ദര്യവത്കരണ നിക്ഷേപ പദ്ധതിയില്‍ സെന്‍സര്‍ റൂം ഉള്‍പെടുത്താന്‍ നിര്‍ദ്ദേശിച്ചതും എയര്‍പോര്‍ട്ട് ഡയറക്ടര്‍ തന്നെയാണ്. കഴിഞ്ഞ മാസം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഒരു വീല്‍ ചെയര്‍ വിദ്യാര്‍ത്ഥിക്ക് വിമാനത്തിലെത്താന്‍ കഴിയാത്ത പശ്ചാത്തലം ചൂണ്ടിക്കാണിച്ച ഷാനോന്‍ എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ അംഗപരിമിതരോട് വിമാന കമ്പനികളും സൗഹൃദപരമായി ഇടപെടണമെന്ന് അപേക്ഷിച്ചിരിക്കയാണ്. ലോകത്തിന്റെ സാങ്കേതിക മികവ് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളതും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഡി കെ

Share this news

Leave a Reply

%d bloggers like this: