ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ അതിക്രമം: നടപടി ന്യായീകരിച്ച് ഐജിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടി ന്യായീകരിച്ച് ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. പൊലീസ് അതിക്രമത്തിനു തെളിവില്ലാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ആസ്ഥാനത്തിനു സമീപം സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാനാണ് ബലം പ്രയോഗിച്ച് അവരെ നീക്കിയത്. എന്നാല്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ തെറ്റുപറ്റിയോന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍, ഐജിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് ജിഷ്ണുവിന്റെ കുടുംബം പ്രതികരിച്ചു. റിപ്പോര്‍ട്ട് അവിശ്വസനീയമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. ടെലിവിഷന്‍ ചാനലുകള്‍ മുന്നില്‍ വരാത്ത ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഡിജിപിയോട് നേരിട്ടു തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചില പൊലീസുകാര്‍ തന്നെയും ജിഷ്ണുവിന്റെ അമ്മ മഹിജയേയും ബൂട്ടിട്ട് ചവിട്ടിയെന്നും ശ്രീജിത്ത് ആരോപിച്ചു.

തന്നെ പൊലീസ് ചവിട്ടി വീഴ്ത്തി വലിച്ചിഴച്ചതായി ജിഷ്ണു പ്രണോയിയുടെ അമ്മ കെ.സി.മഹിജ നേരത്തെ ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മഹിജ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍, മ്യൂസിയം എസ്‌ഐ എന്നിവര്‍ക്കെതിരെ പരാതിയും നല്‍കിയിരുന്നു. പൊലീസിനു നല്‍കിയ മൊഴിയിലാണു മഹിജ സംഭവങ്ങള്‍ വിശദീകരിച്ചത്. ആദ്യം തന്റെ സഹോദരനെയാണു പൊലീസ് ചവിട്ടി വീഴ്ത്തിയതെന്നു മഹിജ പറഞ്ഞു. പിന്നീടു തന്നെയും വീഴ്ത്തി. നിലത്തു വീണ തന്നെ പൊലീസുകാര്‍ വലിച്ചിഴച്ചെന്നും മഹിജ പറഞ്ഞു. നെഞ്ചിനും ഇടുപ്പിനും കടുത്ത വേദനയുമായിട്ടാണു മഹിജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മഹിജയുടെ ഈ പരാതി തള്ളിയാണ് പൊലീസിന് അനുകൂലമായി ഐജി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: