ഡല്‍ഹിയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ -ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടാകുമായിരുന്ന വന്‍ദുരന്തം തക്കസമയത്തുണ്ടായ ഇടപെടല്‍ മൂലം ഒഴിവായി. ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനത്തിന്റെ പൈലറ്റ് ഇതേ സമയം റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും വിമാനം പറത്തിയതാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടമെന്നതും പരിഭ്രാന്തിക്കിടയാക്കി. 122 പേരാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്നത്.

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഗോവ വിമാനം റണ്‍വേ 28ല്‍ നിന്ന് പകല്‍ 11.15നാണ് പുറപ്പെടാന്‍ ഒരുങ്ങിയത്. എന്നാല്‍ വിമാനം അടിയന്തിരമായി തിരികെ ബേയിലേക്ക് മടക്കിവിടാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കി. 27 മിനിട്ടിനു ശേഷം ഇന്‍ഡിഗോയുടെ റാഞ്ചി-ഡല്‍ഹി വിമാനം അതേ റണ്‍വേയില്‍ വന്നിറങ്ങി. എന്നാല്‍ റണ്‍വേയുടെ മറുവശത്ത് എയര്‍ ഇന്ത്യ വിമാനം കിടക്കുന്നതു കണ്ട പൈലറ്റ് സ്റ്റാന്റേഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ പ്രകാരം വിമാനം വീണ്ടും ആകാശത്തേക്ക് ഉയര്‍ത്തി. പുറപ്പെടാനുള്ള അനുവാദം ലഭിച്ചതിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് പ്രവേശിച്ച എയര്‍ഇന്ത്യ, പിന്നാലെ ടേക്ക്ഓഫ് റദ്ദാക്കുന്നുവെന്ന് എടിസിയെ അറിയിക്കുകയും ചെയ്തു. പിന്നീട് 12.50നാണ് എയര്‍ഇന്ത്യ വിമാനം യാത്ര ആരംഭിച്ചത്. തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായ ഈ സംഭവത്തില്‍ എയര്‍ഇന്ത്യ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: