സ്വീഡനില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റി ഭീകരാക്രമണം; സംഭവം നടന്നത് ഇന്ത്യന്‍ എംബസിക്ക് സമീപം

സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്കു ട്രക്ക് ഇടിച്ചുകയറ്റിയാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണമാണ് ഉണ്ടായതെന്നും രാജ്യം ആക്രമിക്കപ്പൈട്ടന്നും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫാന്‍ ലൂഫ് വാന്‍ പ്രതികരിച്ചു. ആക്രമണത്തില്‍ നാല്പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ ക്വീന്‍സ് സ്ട്രീറ്റില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം.കാല്‍നടക്കാര്‍ക്കിടയിലേക്കു ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രസിദ്ധമായ വ്യാപാര കേന്ദ്രമാണ് ഇവിടം. നൂറുകണക്കിന് ആളുകള്‍ ആ സമയം തെരുവില്‍ ഉണ്ടായിരുന്നു. ആക്രമി ട്രക്ക് ഒടിച്ചു കയറ്റിയതോടെ ജനങ്ങള്‍ നാലുപാടും ചിതറിയോടി.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് സ്വീഡിഷ് പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണം നടന്നയുടന്‍ തലസ്ഥാനം ഉടന്‍തന്നെ പൊലീസ് വലയത്തിലാക്കി. പൊതുയാത്രാ സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജനങ്ങളോടു നഗരത്തിലേക്കു വരുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ പ്രദേശത്തേക്കുള്ള പൊതു, സ്വകാര്യ വാഹന ഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ സെന്‍ട്രല്‍ ട്രെയിന്‍ സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ച അധികൃതര്‍ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു.

സ്വീഡനിലെ തെരുവിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയുണ്ടായ ആക്രമണ സ്ഥലത്ത് നിന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ലോറി കയറിച്ചെന്നത് ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്താണ്. ഇതിന്റെ ശബ്ദം കേട്ട ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. താന്‍ വലിയ ശബ്ദം കേട്ടുവെന്നും രണ്ടുപേരെ മരിച്ചുകിടക്കുന്നതായും കുറച്ചുപേരെ പരുക്കേറ്റു കിടക്കുന്നതായും കണ്ടതായി ഇന്ത്യന്‍ അംബാസിഡര്‍ മോണിക്ക മൊഹ്ത പറഞ്ഞു.

സ്വീഡനിലെ മദ്യനിര്‍മാണ കമ്പനിയായ സ്പെന്‍ഡ്രപ്സ് ബ്രൂവെറിയുടേതാണ് ആക്രമണം നടത്തിയ ട്രക്ക്. ഇതു വെള്ളിയാഴ്ച രാവിലെ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. തങ്ങളുടെ വാഹനം തട്ടിയെടുക്കുകയായിരുന്നു എന്നു കമ്പനി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍ ബെര്‍ലിനിലെ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റി നടത്തിയ ആക്രമണത്തില്‍ 12 പേരുടെ ജീവനെടുക്കുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ ആശങ്കയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: