ജിഷ്ണു കേസ്: നെഹ്റുകോളെജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍

ജിഷ്ണു പ്രണോയ് കേസില്‍ മൂന്നാം പ്രതിയായ നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ ഇയാളെ കോയമ്പത്തൂരിലെ കിനാവൂരിലുള്ള ബന്ധുവിന്റെ ഫാം ഹൗസില്‍ വച്ചാണ് പിടികൂടിയത്. കഴിഞ്ഞ മൂന്നു ദിവസമായി ശക്തിവേല്‍ ഇവിടെയാണ് കഴിഞ്ഞിരുന്നത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് നടപടി. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്. നാലാം പ്രവീണും പിടിയിലായതായി സൂചനയുണ്ട്.

ജിഷ്ണു കേസ് സര്‍ക്കാരിന് വലിയ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ് ഇപ്പോഴത്തെ അറസ്റ്റ്. പൊലീസ് തിരയുന്ന മൂന്നു പ്രതികളും സംസ്ഥാനം വിട്ടതായി സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരോട് സഹായം അഭ്യര്‍ഥിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സന്ദേശം അയച്ചിരുന്നു.

മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേല്‍, നാലാം പ്രതി അസിസ്റ്റന്റ് പ്രഫ. സി.പി.പ്രവീണ്‍, അഞ്ചാം പ്രതി ദിപിന്‍ എന്നിവരാണ് സംസ്ഥാനം വിട്ടത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിഴല്‍ പൊലീസ് ഉള്‍പ്പെടുന്ന അന്വേഷണസംഘം അഞ്ചു ടീമായി തിരിഞ്ഞു തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പ്രതികളെ പിന്തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള അറസ്റ്റ്.

അന്വേഷണം ഉഴപ്പിയ ആദ്യഘട്ടത്തില്‍ പ്രതികളെല്ലാവരും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. ഒന്നാം പ്രതി പി.കൃഷ്ണദാസും രണ്ടാംപ്രതി സഞ്ജിത് വിശ്വനാഥനും മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യമില്ലാത്ത ബാക്കി മൂന്നു പ്രതികളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞതുമില്ല. ജിഷ്ണുവിന്റെ അമ്മ മഹിജ പൊലീസ് അതിക്രമത്തിനിരയായതിനു പിന്നാലെ സംസ്ഥാനവ്യാപകമായി രോഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് അന്വേഷണം വീണ്ടും ഊര്‍ജിതമായത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: