പ്രവാസിയായ ഭര്‍ത്താവ് ഉപേക്ഷിച്ചു : സര്‍ക്കാരിനോട് സഹായമഭ്യര്‍ഥിച്ച് യുവതി

പ്രവാസിയായ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് 29കാരിയായ യുവതി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പഞ്ചാബിലെ കപുര്‍ത്തല സ്വദേശിനിയായ ചന്ദ് ദീപ് കൗര്‍ രംഗത്ത് വന്നിരിക്കുന്നത്.

തന്നെ ഉപേക്ഷിച്ച് ന്യൂസിലാന്‍ഡിലേക്ക് പറന്ന ഭര്‍ത്താവ് രമണ്‍ ദീപ് സിംഗിനെ തിരികെ നാട്ടിലെത്തിക്കണമെന്നും, ഒപ്പം അയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് യുവതിയുടെ ആവശ്യം. വിവാഹത്തിനു ശേഷം വിദേശത്തേക്കു പോകുന്ന ഒരു ഭര്‍ത്താവും ഭാര്യമാരോട് ഇനി ഇത്തരത്തില്‍ ചെയ്യരുതെന്നതിനാലാണ് താന്‍ നിയമപരമായി മുന്നോട്ട് പോകുന്നതെന്നും ചന്ദ് വ്യക്തമാക്കി.

വിവാഹ ബന്ധം നിയമപരമായിത്തെന്നെ വേര്‍പ്പെടുത്തണമെന്നും അവര്‍ വ്യക്തമാക്കി. 2015 ജൂലൈയിലാണ് അക്കൗണ്ടന്റായ രമണ്‍ദീപ് സിംഗും ചന്ദ് ദീപ് കൗറും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു ശേഷം ന്യൂസിലന്‍ഡിലേക്കു പോയ ഇയാള്‍ ഡിസംബറില്‍ തിരികയെത്തിയിരുന്നു. എന്നാല്‍ 2016 ജനുവരിയില്‍ വീണ്ടും വിദേശത്തേക്ക് ഇയാള്‍ മടങ്ങിയെന്നും ഇതിനു ശേഷമാണ് തന്നെ ഉപേക്ഷിച്ചതെന്നും ചന്ദ് പറഞ്ഞു. 50 ദിവസസത്തില്‍ താഴെ മാത്രമേ താന്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞുള്ളു. ഉപേക്ഷിക്കാന്‍ എന്താണ് കാരണമെന്ന് അറിയില്ല. ഇപ്പോള്‍ തനിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.

തന്റെ വീട്ടിലേക്ക് മടങ്ങിപ്പോകാനാണ് രമണ്‍ ദീപിന്റെ ബന്ധുക്കള്‍ നിരന്തരം ആവശ്യപ്പെടുന്നത്. ഭര്‍ത്താവിനെ നിരവധി തവണ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും ഭര്‍ത്താവിന്റെ ബന്ധുക്കളാരും തന്റെ അവസ്ഥ മനസിലാക്കുന്നില്ലെന്നും ചന്ദ് സുഷമ സ്വരാജിന് അയച്ച കത്തില്‍ വ്യക്തമാക്കി. 2016ല്‍ ചന്ദിന്റെ പരാതിയേത്തുടര്‍ന്ന് രമണ്‍ ദീപിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: