ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തില്‍; ആദ്യഘട്ട വോട്ടെടുപ്പ് ഞായറാഴ്ച,

ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തില്‍. ഞായറാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്. നിലവിലെ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് രണ്ടാമൂഴത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ മൊത്തം 11 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
ആദ്യഘട്ടത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍, ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയവര്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ മല്‍സരിക്കും. മെയ് ഏഴിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക.

മധ്യവലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാന്‍സ്വാ ഫില്ലണ്‍, തീവ്ര വലതുപക്ഷ നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥി മരീന്‍ ലീ പെന്‍, സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ത്ഥി ബെനോയിറ്റ് ഹാമണ്‍, ഇടതുപക്ഷ സ്ഥാനാര്‍ഥി ഴാങ് ലുക് മെലങ്കോണ്‍, മധ്യകക്ഷി സ്ഥാനാര്‍ഥി ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവരാണ് മല്‍സരരംഗത്തുള്ള പ്രമുഖര്‍.

മരീന്‍ ലീ പെന്‍, ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവരാണ് അഭിപ്രായസര്‍വേകളില്‍ മുന്‍തൂക്കം നേടിയിട്ടുള്ളത്. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളില്‍ കര്‍ക്കശ നിലപാട് പ്രഖ്യാപിച്ച ലീ പെന്നിനാണ് രാജ്യത്തെ ജേര്‍ണലിസ്റ്റുകള്‍ അടക്കമുള്ളവരുടെ ഇടയില്‍ നടത്തിയ സര്‍വെയില്‍ മുന്നിലെത്തിയത്. അതേസമയം ലീ പെന്നിന് കടുത്ത വെല്ലുവിളിയാണ് 39 കാരനായ മാക്രോണ്‍ ഉയര്‍ത്തുന്നത്. വിജയിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ് ഫ്രഞ്ച് പ്രസിഡന്റ് എന്ന റെക്കോഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസില്‍ അന്വേഷണം നേരിടുന്ന ഫ്രാന്‍സ്വാ ഫില്ലണാണ് മല്‍സരരംഗത്തുള്ള മറ്റൊരു പ്രമുഖന്‍. മുന്‍ വിദ്യാഭ്യാസമന്ത്രിയായ ബെനോയിറ്റ് ഹാമണും മല്‍സരരംഗത്ത് സജീവമാണ്.

ഏതാണ്ട് 45.7 ദശലക്ഷം വോട്ടര്‍മാരാണ് പുതിയ ഭരണാധിപനെ തെരഞ്ഞെടുക്കാന്‍ പോളിംഗ് ബൂത്തിലെത്തുക. ബാലറ്റ് പേപ്പറിലൂടെയാകും വോട്ടിംഗ്. വളരെ കുറച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മാത്രമേ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുയുള്ളൂ. ആദ്യഘട്ടത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. മെയ് ഏഴിന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി, നാലുദിവസം മുമ്പ് മെയ് മൂന്നിന് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയ സ്ഥാനാര്‍ത്ഥികളുടെ ടെലിവിഷന്‍ ഡിബേറ്റ് നടക്കും. ഇതിനുശേഷമാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 1960 ല്‍ പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതി നിലവില്‍ വന്നശേഷം ഇതുവരെ ആരും ആദ്യഘട്ട വോട്ടെടുപ്പില്‍ വിജയിച്ചിട്ടില്ല.

ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടുക തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥി മെയ് 14 ന് പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: