തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; രണ്ട് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്താന്‍ സൈന്യത്തിന്റെ ക്രൂരതക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയക്ക് എതര്‍വശത്തുള്ള പാകിസ്താന്റെ കിര്‍പണ്‍, പിംബിള്‍ സൈനിക പോസ്റ്റുകള്‍ സൈന്യം തകര്‍ത്തത്. അതിര്‍ത്തി രക്ഷാസേന നടത്തിയ വെടിവെപ്പില്‍ 647 മുജാഹിദീന്‍ ബറ്റാലിയനിലെ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. നേരത്തെ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ മേഖലയിലേക്ക് 250 മീറ്ററിലധികം കടന്നുകയറിയ പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം വെടിവെപ്പ് നടത്തിയിരുന്നു. ഈ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ തലയറുത്ത് പാക് സൈന്യം വികൃതമാക്കിയിരുന്നു.

അതിര്‍ത്തിരക്ഷാസേനയിലെ നായിബ് സുബേദാര്‍ പരംജീത് സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ എന്നിവരാണ് പാക് ക്രൂരതക്ക് ഇരയായത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ശക്തമായ വെടിവെപ്പ് നടത്തിക്കൊണ്ടാണ് പാകിസ്താന്‍ നിയന്ത്രണരേഖ ലംഘിച്ചത്. സൈനികരുടെ തലയറുത്ത സംഭവത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്നലെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് പാക് സൈന്യം ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുന്നതെന്നാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 28-നും നവംബര്‍ 22-നും സമാനസംഭവങ്ങള്‍ നടന്നിരുന്നുവെന്നും സൈന്യം പറയുന്നു.

പാക്കിസ്ഥാന്റെ നടപടി നിന്ദാപരവും മനുഷ്യത്വരഹിതവുമാണെന്ന് പ്രതികരിച്ച പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്ത്യന്‍ സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്നും പ്രതികരിച്ചിരുന്നു. ”സമാധാന സമയത്തു പോകട്ടെ, യുദ്ധസമയത്തു പോലും ഉണ്ടാകാത്ത തരത്തിലുള്ള നടപടിയാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുന്നത് അങ്ങേയറ്റം കിരാതമായ നടപടിയാണ്. ഈ സംഭവത്തെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നതിനൊപ്പം ഈ നടപടിക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം പര്യാപ്തമാണെന്ന് ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഉറച്ച വിശ്വാസവുമുണ്ട്. സൈനികരുടെ ത്യാഗം വെറുതെയായിപ്പോകില്ല”-അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ ആര്‍മി തലവന്‍ ജനറല്‍ ബിബിന്‍ റാവത്ത് ശ്രീനഗറിലെത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഡല്‍ഹിയില്‍ സൈനിക നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ജമ്മു-കാശ്മീരിലെ, പ്രത്യേകിച്ച് അതിര്‍ത്തി മേഖലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിക്ക് പുറമെ ഇന്റലീജന്‍സ് ഏജന്‍സികളുടെ തലവന്മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

പാക്കിസ്ഥാന്‍ ആര്‍മി തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബാജ്വ നിയന്ത്രണ രേഖ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് കൃഷ്ണ ഘാട്ടി മേഖലയില്‍ ആക്രമണമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള വെടിനിര്‍ത്തല്‍ ലംഘനമോ BAT നടപടിയോ ഉണ്ടായിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. പാക്കിസ്ഥാന്‍ സൈന്യം ഉന്നതമായ പ്രൊഫഷണല്‍ മൂല്യങ്ങള്‍ സൂക്ഷിക്കുന്നവരാണെന്നും ഏതെങ്കിലും സൈനികനോട് അനാദരവോടെ, അത് ഇന്ത്യക്കാരന്‍ ആണെങ്കില്‍ പോലും, പെരുമാറില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, പാക്കിസ്ഥാന്‍ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ കൃഷ്ണ ഘാട്ടി സെക്ടറിലെ നിയന്ത്രണരേഖയിലുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് വ്യക്തമാക്കി. ഇതിനൊപ്പം തന്നെ BAT സംഘം രണ്ട് പോസ്റ്റുകള്‍ക്കിടയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ ആക്രമണം നടത്തുകയും ചെയ്തു. രണ്ടു സൈനികരുടെ മൃതദേഹങ്ങള്‍ അവര്‍ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഇത്തരം നികൃഷ്ടമായ നടപടിയോട് ഉചിതമായി തന്നെ പ്രതികരിക്കും- പ്രസ്താവന വ്യക്തമാക്കുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: