ഫ്രാന്‍സില്‍ ചരിത്രം കുറിച്ച് ഇമ്മാനുവല്‍ മക്രോണ്‍

ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് ജനപ്രീതിയുണ്ടായിരുന്ന ഒരു പ്രസിഡന്റിന്റെ മന്ത്രിസഭയിലെ അംഗമായിരുന്നു ഒരു വര്‍ഷം മുമ്പ് ഇമ്മാനുവല്‍ മക്രോണ്‍. ഇപ്പോള്‍ 39-ാം വയസില്‍ അദ്ദേഹം ആ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മധ്യ ഇടത്, മധ്യ വലത് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ നേരത്തെ തോല്‍പ്പിച്ച ഇമ്മാനുവല്‍ മക്രോണ്‍ ഇപ്പോള്‍ തീവ്ര വലത് സ്ഥാനാര്‍ത്ഥി ലെ പെന്നിനെയും കടത്തിവെട്ടിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

മക്രോണിന്റെ വിജയത്തില്‍ ഭാഗ്യം ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യഘട്ടത്തില്‍ മുന്നിലായിരുന്ന മധ്യവലത് സ്ഥാനാര്‍ത്ഥി ഫ്രാങ്കോയിസ് ഫില്ലോണിനെതിരെ പൊതു അപവാദം ഉയര്‍ന്നുവന്നു; പരമ്പരാഗത വോട്ടര്‍മാര്‍ കൈവിട്ടതോടെ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി ബെനോയിറ്റ് ഹാമോണിന്റെ സാധ്യതകളും അടഞ്ഞു. തീര്‍ത്തും അപ്രതീക്ഷിതമായ മുന്നേറ്റമാണ് ഈ രണ്ട് കാരണങ്ങള്‍ മക്രോണിന് നീട്ടിക്കൊടുത്തത്.

എന്നാല്‍ ഭാഗ്യം കൊണ്ടുമാത്രം ഒരു തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ല. സോഷ്യലിസ്റ്റ് ടിക്കറ്റിന് വേണ്ടി മക്രോണിന് ശ്രമിക്കാമായിരുന്നു. പക്ഷെ അധികാരത്തില്‍ വര്‍ഷങ്ങളായി പങ്കാളിയായതിന്റെ അനുഭവത്തില്‍ നിന്നും സോഷ്യലിസ്റ്റുകളുടെ ജനപിന്തുണ ഇടിയുകയാണെന്ന് അദ്ദേഹം മനസിലാക്കി. ആര്‍ക്കും അധികാരത്തില്‍ എത്താന്‍ മതിയായ മുന്‍തൂക്കം ഇല്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ ശൂന്യതയെ മറികടക്കുന്നതിലായിരുന്നു മക്രോണിന്റെ തന്ത്രം വിജയിച്ചത്. സ്പെയിനിലെ പൊഡെമോസ്, ഇറ്റലിയിലെ ഫൈവ് സ്റ്റാര്‍ പ്രസ്ഥാനം തുടങ്ങിയവയ്ക്ക് സമാനമായ ഒന്ന് ഫ്രാന്‍സില്‍ ഇല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 2016 ഏപ്രിലില്‍ എന്‍ മാര്‍ഷെ (മുന്നോട്ട്) എന്ന ഒരു പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നല്‍കി. നാല് മാസത്തിന് ശേഷം ഫ്രാങ്കോയിസ് ഹോളാണ്ടെയുടെ സര്‍ക്കാരില്‍ നിന്നും അദ്ദേഹം രാജി വെക്കുകയും ചെയ്തു.

2008ല്‍ യുഎസില്‍ ബാരക് ഒബാമ അടിത്തട്ടില്‍ നടത്തിയ പ്രചാരണങ്ങളിലൂടെ അധികാരത്തിലെത്തിയതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട മക്രോണ്‍, പരിചയസമ്പത്തില്ലാത്തവരെങ്കിലും ആവേശഭരിതരായ എന്‍ മാര്‍ഷെ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ബിഗ് മാര്‍ച്ച് നടത്തി. ഫ്രാന്‍സിനെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്ന ജില്ലകളും ആവാസകേന്ദ്രങ്ങളും തിരിച്ചറിയുകയായിരുന്നു ആദ്യഘട്ടം. 3,00,000 പാര്‍പ്പിടങ്ങളില്‍ എന്‍ മാര്‍ഷെ പ്രവര്‍ത്തകര്‍ കയറിയിറങ്ങി. വെറും നോട്ടീസ് വിതരണമായിരുന്നില്ല അവര്‍ നടത്തിയത്. 15 മിനിട്ടുകള്‍ വരെ ദൈര്‍ഘ്യമുള്ള 25,000 അഭിമുഖങ്ങള്‍ അവര്‍ രാജ്യത്തെമ്പാടുമുള്ള വോട്ടര്‍മാര്‍ക്കിടയില്‍ നടത്തി. ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ പ്രചാരണ മുന്‍ഗണനകളും നയങ്ങളും നിശ്ചയിക്കുന്നതിന് മക്രോണിന്റെ സംഘത്തെ സഹായിച്ചു.

വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് മക്രോണിന്റെ രാഷ്ട്രീയ വ്യക്തിത്വം എന്ന് പ്രത്യക്ഷത്തില്‍ തോന്നും. പ്രസിഡന്റ് ഹോളണ്ടെയുടെ പ്രിയപ്പെട്ടവനും പിന്നീട് ധനമന്ത്രിയുമായി മാറിയ പുതുമുഖം, അടിത്തട്ടിലുള്ള വോട്ടര്‍മാരെ സംഘടിപ്പിക്കുന്ന മുന്‍ നിക്ഷേപക ബാങ്കര്‍, പൊതുമേഖലയുടെ പ്രധാന്യം വെട്ടിക്കുറയ്ക്കാന്‍ വിപ്ലവകരമായ പദ്ധതിയുള്ള ഒരു മിതവാദി തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ അദ്ദേഹത്തില്‍ കാണാന്‍ കഴിയും. അതുകൊണ്ടാണ് അദ്ദേഹം സമ്പന്നരുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ലെ പെന്നിനെ പോലുള്ളവര്‍ ആക്ഷേപിച്ചത്. പക്ഷെ എന്തെങ്കിലും മാറ്റം പ്രതീക്ഷിച്ചിരുന്ന വോട്ടര്‍മാരെ ഉത്തേജിപ്പിച്ചുകൊണ്ട് താന്‍ മറ്റൊരു ഹോളണ്ടെ അല്ലെന്ന് സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നിരാശാജനകമായ അവസ്ഥയിലായിരുന്ന ഫ്രാന്‍സുകാരെ ഉത്തേജിപ്പിക്കുന്ന, അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന സന്ദേശങ്ങള്‍ നല്‍കാന്‍ മക്രോണിന് സാധിച്ചു. താന്‍ ഫ്രാന്‍സിന് വേണ്ടി എന്ത് ചെയ്യാന്‍ പോകുന്നു എന്ന് വിശദീകരിച്ച് അദ്ദേഹം സമയം കളഞ്ഞില്ല. പക്ഷെ, എങ്ങനെയൊക്കെ ജനങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും എന്ന സന്ദേശം അദ്ദേഹം വ്യക്തമായി നല്‍കി.

മക്രോണിന്റെ പ്രതീക്ഷനിര്‍ഭരമായ സന്ദേശങ്ങള്‍ക്ക് പകരമായി ലെ പെന്‍ മുന്നോട്ട് വച്ചത് തീര്‍ത്തും നിരാശാജനകമായ ഒരു ഭാവിയുടെ ചിത്രമായിരുന്നു. അത് കുടിയേറ്റ വിരുദ്ധവും യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധവും നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ക്ക് വിരുദ്ധവുമായിരുന്നു. മക്രോണിന്റെ പ്രചാരണ യോഗങ്ങള്‍ പ്രകാശനിര്‍ഭരവും പോപ് സംഗീതം കൊണ്ട് സമ്പന്നവുമായിരുന്നെങ്കില്‍ ലെ പെന്നിന്റെതാവട്ടെ ഇരുള്‍ മൂടിയതും പോലീസുകാരുമായി ഏറ്റുമുട്ടുന്ന പ്രതിഷേധക്കാര്‍ നിറഞ്ഞതുമായിരുന്നു.

മേയ് മൂന്നിന് നടന്ന സ്ഥാനാര്‍ത്ഥി സംവാദം വലിയ രോഷപ്രകടനങ്ങള്‍ക്ക് വേദിയായി. ഭീതിയുടെ മൊത്തക്കച്ചവടക്കാരിയായി പെന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, ആഞ്ജല മെര്‍ക്കല്‍ നിര്‍ദ്ദേശിക്കുന്നതെന്തും ചെയ്തുകൊടുക്കുന്ന സോഷ്യലിസ്റ്റ് പാവയെ അനുസ്മരിപ്പിക്കുന്നതായിരുന്നു മക്രോണിന്റെ പ്രകടനം. എന്നാല്‍ തീവ്രവലതുപക്ഷം മുന്നോട്ട് വെക്കാന്‍ സാധ്യതയുള്ള വിഭാഗീയതയും അസ്ഥിരതയും വിദ്വേഷവും നിറഞ്ഞ ഒരു ഭരണത്തെ കുറിച്ച് ആശങ്കകുലരായ പലരും പെന്നിന്റെ അവസാന പ്രതിയോഗിയായി മക്രോണിനെ കണ്ടു. കാര്യക്ഷമമായ ഒരു പ്രചാരണമാണ് പെന്‍ കാഴ്ചവെച്ചതെങ്കിലും മാസങ്ങളായി അവരുടെ ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ നിന്നും പുറത്തുപോകുന്ന കാര്യം പരിഗണിക്കണം, അഭയാര്‍ഥികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കണം എന്നീ വാദങ്ങളുമായാണ് ലി പെന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. എന്നാല്‍ നാറ്റോ സഖ്യത്തിലെ ഫ്രാന്‍സിന്റെ സാന്നിധ്യം, യുറോപ്യന്‍ യൂനിയനിലെ അംഗത്വം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതായിരുന്നു മക്രോണ്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: