സൈബര്‍ ആക്രമണത്തില്‍ പതറി ലോകരാജ്യങ്ങള്‍ ; ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണമാണെന്ന് യൂറോപ്യന്‍ യുണിയന്‍

ഇന്ത്യ ഉള്‍പ്പെടെ നൂറോളം രാജ്യങ്ങളിലുണ്ടായ സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന് ലോകരാജ്യങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായതെന്ന് യുറോപ്യന്‍ യൂനിയന്റെ നിയമനിര്‍വഹണ ഏജന്‍സിയായ യൂറോപോള്‍ അഭിപ്രായപ്പെട്ടു. ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ആക്രമണമാണ് ഉണ്ടായത്.

ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. ബ്രിട്ടനിലെ വന്‍കിട ആശുപത്രികളിലെത് മുതല്‍ ഇന്ത്യയിലെ പൊലീസ് സ്റ്റേഷനുകളിലെ വരെ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ട സൈബര്‍ ആക്രമണത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് സൈബര്‍ വിദഗ്ധര്‍. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതില്‍ സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് യൂറോപോള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ രംഗത്തെത്തി. ആക്രമണം ഇനിയും തുടരുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

എന്നാല്‍ ബാക്കപ്പ് ഉണ്ടെങ്കില്‍ നഷ്ടപ്പെട്ട ഫയലുകള്‍ തിരിച്ചെടുക്കാനാകുമെന്ന് കാസ്‌പേസ്‌കി ലാബ് അറിയിച്ചു. അല്ലാത്തപക്ഷം റാന്‍സംവെയര്‍ ആവശ്യപ്പെടുന്ന തുക നല്‍കേണ്ടി വരും. 300 മുതല്‍ 600 ഡോളര്‍ വരെയാണ് ആവശ്യം. ഡിജിറ്റല്‍ കറന്‍സി ആയ ബിറ്റ്‌കോയിന്‍ വഴിയാകണം വിനിമയമെന്നാണ് സൈബര്‍ അക്രമികളുടെ ആവശ്യം. അത് അംഗീകരിച്ചാല്‍ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമാകില്ല.

സുരക്ഷാ പഴുതുളള മറ്റ് കംപ്യൂട്ടറിലേക്കും വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ പല സ്ഥാപനങ്ങളും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. ആശുപത്രികളിലെത്തുന്ന രോഗികളെ മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യുന്നത് തുടരുകയാണ്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശിലെ 18 പൊലീസ് സ്റ്റേഷനുകളിലാണ് സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതെന്ന് ഡിജിപി അറിയിച്ചു.

അമേരിക്കന്‍ അന്വേഷണ ഏജന്‍സി എന്‍എസ്എ രൂപകല്‍പന ചെയ്ത ടൂളുകള്‍ മോഷ്ടിച്ചാണ് സംഘടന ആക്രമണം നടത്തിയതെന്നാണ് നിഗമനം. മൈക്രോസോഫ്റ്റില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനായി വികസിപ്പിച്ച ടൂളുകള്‍ ഇന്റര്‍നെറ്റില്‍ ലീക്കായതാണ് കാരണമെന്ന് കണക്കാക്കുന്നു.

ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം ബിറ്റ്കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ആശുപത്രികളുടെയും മറ്റും പ്രവര്‍ത്തനം ഇതോടെ താറുമാറായി. ആക്രമണം ഇനിയും തുടരുമെന്ന് ഇതിന്റെ കൃത്യമായ കണക്കെടുക്കാനാവില്ലെന്നും കാസ്പേസ്‌കി ലാബ് അറിയിച്ചു.

WannaCry എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കമ്പ്യൂട്ടര്‍ വേമിന്റെ പേര്. മറ്റു പ്രോഗ്രാമുകളെ അപേക്ഷിച്ച് നെറ്റ്വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പഴുതുള്ള ഏത് കംപ്യൂട്ടറിലേക്കും കടക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

സുരക്ഷാ പിഴവ് മുതലെടുത്ത് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കംപ്യൂട്ടറുകള്‍ തിരിച്ചെടുക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെയും യുഎസിലെയും യൂറോപ്പിലെയും സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: