രാജ്യത്തെ ക്യാന്‍സര്‍ ബാധിതര്‍ക്ക് സൗജന്യ ചികിത്സാ രീതിയുടെ ഭാഗമാകാന്‍ അവസരം

ഡബ്ലിന്‍: അയര്‍ലണ്ടിലെ അര്‍ബുദ ബാധിതര്‍ക്ക് സൗജന്യ ചികിത്സയുടെ ഭാഗമാകാന്‍ അവസരം. രോഗികള്‍ക്ക് തങ്ങളെ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റുമാരോട് ചികിത്സ രീതിയെക്കുറിച്ച് കൂടുതല്‍ വിവരം മനസിലാക്കി ക്യാന്‍സര്‍ ട്രയല്‍ അയര്‍ലണ്ടിന്റെ നേതൃത്വത്തിലുള്ള സൗജന്യ ചികിത്സയുടെ ഭാഗമാകാം. നിലവില്‍ 650 അര്‍ബുദബാധിതര്‍ കഴിഞ്ഞ വര്‍ഷം ട്രയല്‍ അയര്‍ലണ്ടിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഈ വര്‍ഷം ഇരട്ടിയിലധികം രോഗികളെ പുതിയ ചികിത്സ രീതിയുടെ ഭാഗമാക്കാനുള്ള പ്രചാരണ പരിപാടികള്‍ ക്യാന്‍സര്‍ ട്രയല്‍ അയര്‍ലന്‍ഡ് ആരംഭിച്ചു കഴിഞ്ഞു.

അയര്‍ലണ്ടിന്റേതിന് സമാനമായ ജനസംഖ്യയുള്ള ഡെന്മാര്‍ക്ക്, നോര്‍വേ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ അയര്‍ലണ്ടിലുള്ളതിനേക്കാള്‍ മൂന്നിരട്ടി രോഗികളെ ഉപയോഗിച്ച് വര്‍ഷത്തില്‍ മൂന്നോ, നാലോ തവണ ക്ലിനിക്കല്‍ ട്രയല്‍ നടത്തുമ്പോള്‍ അയര്‍ലന്‍ഡ് നൂതന ചികിത്സ രംഗത്ത് പിന്നോക്കം പോകുകയാണെന്ന് ക്യാന്‍സര്‍ ട്രയല്‍ അയര്‍ലന്‍ഡ് സി.ഇ.ഓ എബിലിന്‍ മല്‍റോ അഭിപ്രായപ്പെട്ടു. രാജ്യത്ത് 34 ഓങ്കോളജിസ്റ്റുകള്‍ മാത്രമാണ് ഇപ്പോള്‍ നിലവില്‍ സേവനം നടത്തി വരുന്നത്. ഈ പ്രതിസന്ധി ക്ലിനിക്കല്‍ ട്രയലുകളുടെ സാധ്യത ഇല്ലാതാക്കുന്നു.

രോഗികളില്‍ അനാവശ്യ മരുന്ന് പരീക്ഷണം നടത്തുകയല്ല, മറിച്ച് നൂതന ചികിത്സാ രീതികള്‍ അര്‍ബുദ രോഗികള്‍ക്ക് ഫലപ്രദമായി മാറ്റുകയാണ് ക്ലിനിക്കല്‍ ട്രയല്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ട്രയലിന്റെ ഭാഗമായ ബ്യുമോണ്ട് ഹോസ്പിറ്റലിലെ ഡോക്ടര്‍ ബ്രയാന്‍ ഹൗസി വ്യക്തമാക്കി. രോഗിയുടെ ശാരീരിക അവസ്ഥ, രോഗത്തിന്റെ പൂര്‍ണമായ വിവരം തുടങ്ങിയ വസ്തുനിഷ്ഠമായ അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കിയാണ് രോഗികളെ ക്ലിനിക്കല്‍ ട്രയലില്‍ ഉള്‍പ്പെടുത്തുന്നത്.

2015-ല്‍ ട്രയല്‍ നടത്താന്‍ കുറഞ്ഞത് 2.5 മില്യണ്‍ യൂറോ എങ്കിലും ബഡ്ജറ്റില്‍ അനുവദിക്കണമെന്ന് ക്യാന്‍സര്‍ ട്രയല്‍ അയര്‍ലന്‍ഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് cancertrials.ie എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാനും അറിയിപ്പ് ഉണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: