യുഎസ് വിസയ്ക്കായി അപേക്ഷകര്‍ ഇനി സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങളും നല്‍കണം

യുഎസ് വിസയ്ക്കു കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം. വിസയ്ക്കു അപേക്ഷിക്കുന്നവര്‍ സമൂഹമാധ്യമ അക്കൗണ്ടുകളും ജീവചരിത്രവും നല്‍കണം. മേയ് 23ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റാണു നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അഞ്ചുവര്‍ഷത്തെ ഇടപെടലുകളും 15 വര്‍ഷത്തെ ജീവചരിത്രവുമാണു വിസാ അപേക്ഷയുടെ കൂടെ നല്‍കേണ്ടത്.

കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ പാസ്‌പോര്‍ട്ട് നമ്പരുകള്‍, സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍, ഇ മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, 15 വര്‍ഷത്തെ ജീവിതരേഖ, ജോലി, യാത്രാ വിവരങ്ങള്‍ തുടങ്ങിയവ ചോദിച്ചുവാങ്ങാം. ഇതുകൂടാതെ കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടാമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി.

അതേസമയം, യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയശേഷം 50 മുസ്ലിം രാജ്യങ്ങളില്‍പെട്ടവര്‍ക്കു യുഎസ് നല്‍കിയ വിസയില്‍ കുറവുണ്ടായി. പാകിസ്താന്‍കാര്‍ക്ക് മാര്‍ച്ചിലും ഏപ്രിലിലും നല്‍കിയ നോണ്‍- ഇമിഗ്രന്റ് വിസയില്‍ മുന്‍വര്‍ഷത്തെ പ്രതിമാസ ശരാശരിയെക്കാള്‍ 40 ശതമാനമാണ് കുറഞ്ഞത്. പ്രസിഡന്റ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താന്‍ ഇല്ലാതിരുന്നിട്ടും വിസ കുറവുണ്ടായെന്നതാണ് പ്രത്യേകത.

എന്നാല്‍ ട്രംപ് അധികാരത്തിലേറിയശേഷം ഇന്ത്യക്കാര്‍ക്ക് നല്‍കിയ വിസയുടെ എണ്ണം മുന്‍വര്‍ഷങ്ങളിലെ പ്രതിമാസ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 28 ശതമാനം വര്‍ധിച്ചു. മറ്റു 50 മുസ്ലിം രാജ്യങ്ങളില്‍പെട്ടവര്‍ക്കും യുഎസ് നല്‍കിയ വിസയില്‍ ഏപ്രിലില്‍ കുറവുണ്ടായിട്ടുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: