പാരിസ് ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറിയേക്കുമെന്ന് സൂചന

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച്  അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇന്ന്
ഉണ്ടാകുമെന്നാണ് വിവരം.

ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. മലിനീകരണത്തിന്റെ പേരില്‍ യു.എസില്‍ നിന്ന് വന്‍ തുക ഈടാക്കാനുള്ള ഉടമ്പടിയിലെ വ്യവസ്ഥക്കെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ഉടമ്പടി നടപ്പാക്കുന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതമാകുമെന്നും അമേരിക്കയുടെ അത്ര തന്നെ മലിനീകരണമുണ്ടാക്കുന്ന ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഉടമ്പടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.

മലിനീകരണം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് കോടിക്കണക്കിനു ഡോളര്‍ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഉടമ്പടി, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ്. 2025 ആകുമ്പോള്‍ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതിന്റെ നിരക്ക് 2005ലേതില്‍നിന്ന് 28% കുറക്കുമെന്നായിരുന്നു യു.എസിന്റെ ഉറപ്പ്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്? കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനുള്ള 2015ലെ പാരിസ് ഉടമ്പടിയെ പിന്തുണക്കണമെന്ന് ജി 7ലെ മറ്റു രാഷ്ട്രങ്ങള്‍ യു.എസിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ ട്രംപ്, പാരിസ് ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ വന്‍ തുക യു.എസില്‍നിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ഉടമ്പടി, ഏകപക്ഷീയമാണെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ പാരിസ് കാലാവസ്ഥ ഉടമ്പടി റദ്ദാക്കുമെന്നായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
എ എം

Share this news

Leave a Reply

%d bloggers like this: