ജമ്മു കശ്മീരില്‍ 2016ല്‍ മാത്രം സൈന്യം വധിച്ചത് 150 ഭീകരരെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രലായം.

ചെറുതും വലുതുമായി 322 ഭീകരാക്രമണങ്ങളാണ് മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത്. വിവിധ ആക്രമണങ്ങളില്‍ 82 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടമായി. ആക്രമണങ്ങളില്‍ 15 പ്രദേശവാസികളും കൊല്ലപ്പെട്ടുവെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭീകരാക്രമണങ്ങള്‍ 54.81 ശതമാനം വര്‍ധിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2015ല്‍ ജമ്മു കശ്മീരില്‍ മാത്രം 208 ഭീകരാക്രമണങ്ങള്‍ ഉണ്ടായി. 39 സുരക്ഷാ ഉദ്യോഗസ്ഥരും 17 പ്രദേശവാസികളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 108 ഭീകരരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ 2015ല്‍ വധിച്ചത്.

2014ല്‍ 222 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. 47 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 28 പ്രദേശവാസികളും കൊല്ലപ്പെട്ടു. 110 ഭീകരരെയാണ് ഈ വര്‍ഷം കൊലപ്പെടുത്തിയത്. 2015നെ അപേക്ഷിച്ച് 2016ല്‍ 38.89 ശതമാനം അധികം ഭീകരരെ കശ്മീരില്‍ സൈന്യത്തിന് വധിക്കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷം 364 തവണയാണ് ജമ്മു കശ്മീര്‍ അതിര്‍ത്തിയിലൂടെ മാത്രം നുഴഞ്ഞു കയറാന്‍ ഭീകരര്‍ ശ്രമിച്ചത്. 2015ല്‍ ഇത് 121 തവണയും 2014ല്‍ 222 തവണയും 2013ല്‍ 277 തവണയുമാണ് നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുമുള്ള നുഴഞ്ഞു കയറ്റം വര്‍ധിക്കുന്നതായാണ് കാണുന്നത്. ഇതിനെതിരെ ജമ്മു കശ്മീര്‍ സംസ്ഥാന സര്‍ക്കാരും സുരക്ഷാസേനയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെയും സൈന്യത്തിന്റെയും സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സിന്റെയും മറ്റു സുരക്ഷാ ഏജന്‍സികളുടെയും നേതൃത്വത്തില്‍ വിലയിരുത്തുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. നുഴഞ്ഞു കയറ്റം ചെറുക്കുന്നതിനായി അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്.

മികച്ച ആയുധങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മെച്ചപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങളും തുടര്‍ച്ചയായ പരിശോധനകളും മേഖലയില്‍ നടക്കുന്നുണ്ട്. ജമ്മു കശ്മീരിലെ യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നത് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം 2016-17 വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: