യു എസിന്റെ ആഗോള ഭീകരപട്ടികയില്‍ കര്‍ണാടക സ്വദേശിയായ ഐ എസ് ചീഫ് റിക്രൂട്ടറും

യു എസിന്റെ ആഗോള ഭീകരപട്ടികയില്‍ ഐ എസ് ചീഫ് റിക്രൂട്ടര്‍ എന്നറിയപ്പെടുന്ന കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഫി അര്‍മറെയും. അര്‍മര്‍ ഉള്‍പ്പെടെ മൂന്ന് ഐ എസ് ഭീകരര്‍ക്കെതിരെയാണു യുഎസ് സര്‍ക്കാരിന്റെ നടപടി. ഇവര്‍ക്കു യുഎസില്‍ സ്വത്തുണ്ടെങ്കില്‍ അതു മരവിപ്പിക്കും. പുറമേ, യു എസ് പൗരന്മാര്‍ക്ക് ഇവരുമായുള്ള സാമ്പത്തിക വിനിമയവും ഇനിമുതല്‍ സാധ്യമല്ലാതാവും.

കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയായ അര്‍മര്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘടനയുടെ തകര്‍ച്ചയ്ക്കു പിന്നാലെ പാക്കിസ്ഥാനിലേക്കു കടന്നതായാണ് ഒടുവിലത്തെ വിവരം. പിന്നീട് അര്‍മര്‍ സ്ഥാപിച്ച അന്‍സാര്‍ ഉല്‍ തവ്ഹിദ് എന്ന ഭീകരസംഘടന ഐ എസില്‍ ലയിക്കുകയായിരുന്നു. ഛോട്ടേ മൗല, അന്‍ജാന്‍ ഭായ്, യൂസഫ് അല്‍ ഹിന്ദി തുടങ്ങിയ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന മുപ്പതുകാരനായ അര്‍മര്‍ ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണു യുവാക്കളുമായി ബന്ധം സ്ഥാപിച്ചു വന്നിരുന്നത്. ന്യൂഡല്‍ഹിയിലും കുംഭമേളയ്ക്കിടെ ഹരിദ്വാറിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടു എന്ന കേസില്‍ എന്‍ ഐ എയുടെ കുറ്റപത്രം അര്‍മര്‍ക്കെതിരെ നിലവിലുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നു യുവാക്കളെ ചേര്‍ക്കുന്ന, ‘ഐ എസ് ചീഫ് റിക്രൂട്ടര്‍’ ആയി അറിയപ്പെടുന്ന അര്‍മറിനെതിരെ യു എസ് സ്റ്റേറ്റ് ട്രഷറി ഡിപ്പാര്‍ട്മെന്റ് ആണു നടപടിയെടുത്തത്. ഭീകരസംഘടനകള്‍, ലഹരിക്കച്ചവടക്കാര്‍ മുതലായവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അധികാരമുള്ള യു എസ് സര്‍ക്കാര്‍ വിഭാഗമാണിത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: