ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ റാന്‍സെംവെയര്‍ ആക്രമണം

ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഒന്നായ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ റാന്‍സെംവെയര്‍ ആക്രമണം. ഫയലുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ഗവേഷണ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍. നൂറിലധികം രാജ്യങ്ങളില്‍ കഴിഞ്ഞമാസം ഉണ്ടായ സൈബര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ലണ്ടനിലെ സര്‍വകലാശാലയിലും ആക്രമണം ഉണ്ടായത്. സൈബര്‍ ആക്രമണത്തിന് വിധേയമാകുന്ന ഫയലുകള്‍ തിരികെ ലഭിക്കുന്നതിന് പണം ആവശ്യപ്പെടുന്ന റാന്‍സെംവെയര്‍ ആക്രമണമാണ് സര്‍വകലാശാലയിലും റിപ്പോര്‍ട്ട് ചെയ്തത്.

പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ലണ്ടന്‍ സര്‍വകലാശാലയിലുണ്ടായ സൈബര്‍ ആക്രമണത്തെ ഗൌരവത്തോടെയാണ് അധികൃതര്‍ സമീപിക്കുന്നത്. ഗവേഷണ വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളുടെ ശ്രമഫലത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ നഷ്ടമാകുമെന്നത് ആശങ്ക പരത്തുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സൌകര്യം പരിമിതപ്പെടുത്തി. അസ്വാഭാവികമെന്ന് തോന്നുന്ന ലിങ്കുകള്‍ തുറക്കരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മറ്റ് കമ്പ്യൂട്ടറുകളിലേക്ക് വൈറസ് പടരുന്നത് തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു. ഫയലുകള്‍ റീസ്റ്റോര്‍ ചെയ്യാനുള്ള സജ്ജീകരണങ്ങളും നടത്തുന്നുണ്ട്. സൈബര്‍ സുരക്ഷ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ വിവിധ പഠനങ്ങള്‍ നടത്തുന്ന സ്ഥാപനം കൂടിയാണ് ലണ്ടണ്‍ യൂണിവേഴ്സിറ്റി കോളജ്. വാണിജ്യ അടിസ്ഥാനത്തില്‍ സൈബര്‍ സുരക്ഷക്കുള്ള വിവിധ ടൂളുകള്‍ വികസിപ്പിച്ചിട്ടുള്ള സ്ഥാപനത്തെ പലപ്പോഴായി സൈബര്‍ അക്രമികള്‍ ലക്ഷ്യം വച്ചിട്ടുണ്ട്.

എന്നാല്‍ കോളജിലെ സൈബര്‍ സുരക്ഷാ വിഭാഗം തകര്‍ക്കാന്‍ റാന്‍സംവെയറിന് സാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍. അതുകൊണ്ടുതന്നെ പ്രതിസന്ധി എളുപ്പം തരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും. കഴിഞ്ഞ മാസം കേരളത്തിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് റാന്‍സംവെയര്‍, വനാക്രൈ ആക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

 
എ എം

Share this news

Leave a Reply

%d bloggers like this: