ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തം; വിലകുറഞ്ഞ ക്ലാഡിങ് ഉപയോഗിച്ചത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു

 

നഗരത്തിലെ ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. 70 പേരെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്നും അതിനാല്‍തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതോടെ ദുരന്തത്തില് മരിച്ചവരുടെ എണ്ണം നൂറു കവിയുമെന്നു ഉറപ്പായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 24ല്‍ 12 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 12 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് മോര്‍ച്ചറിയിലുള്ളത്. ബാക്കിയുള്ളവരുടേത് കെട്ടിടത്തില്‍ തന്നെ പുറത്തെടുക്കാന്‍ കഴിയാത്തവിധം കുടുങ്ങിക്കിടക്കുകയാണ്.

സംഭവസ്ഥലം എലിസബത്ത് രാജ്ഞി സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി സംസാരിച്ച രാജ്ഞി പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും എത്രയുംപൈട്ടന്ന് ആശ്വാസം ലഭിക്കെട്ടയെന്ന് പ്രാര്‍ഥിച്ചു. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ നോട്ടിങ് ഹില്ലില്‍ ലാറ്റിമര്‍ റോഡിനോടു ചേര്‍ന്ന് ഗ്രെന്‍ഫെല്‍ ടവറിന്റെ രണ്ടാം നിലയിലാണ് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തീപിടിത്തമുണ്ടായത്. അതേസമയം ഗ്രെന്‍ഫെല്‍ ടവര്‍ നിന്നു കത്തിയതിനു കാരണം കെട്ടിടത്തിനു മോടി പിടിപ്പിക്കാന്‍ ഉപയോഗിച്ച നിലവാരമില്ലാത്ത ആവരണമെന്ന് കടുത്ത ആരോപണം ഇയര്‍ന്നിട്ടുണ്ട്. അഗ്നിസുരക്ഷാ ഭീഷണി മൂലം അമേരിക്കയില്‍ നിരോധിക്കപ്പെട്ട വിലകുറഞ്ഞ അലുമിനിയം പൂശിയ റെയ്‌നോബോണ്ട് പാനലുകളാണ് ഉപയോഗിച്ചിരുന്നത്.

ചതുരശ്രമീറ്ററിന് 22 പൗണ്ട് വിലയുള്ള പാനലുകള്‍ ഉപയോഗിച്ച സ്ഥാനത്ത് രണ്ടു പൗണ്ട് കൂടി അധികവിലയുള്ള തീപിടിക്കാത്ത പാനലുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനാകുമായിരുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നു തരം റെയ്‌നോബോണ്ട് പാനലുകളാണു വിപണിയിലുള്ളത്. ഒന്ന് തീപിടിക്കുന്ന പ്ലാസ്റ്റിക് ഉള്‍പെട്ടതും മറ്റു രണ്ടെണ്ണം അഗ്നിയെ ചെറുക്കുന്നതും. ഇതില്‍ വിലകുറഞ്ഞ പാനലുകളാണ് കരാറുകാര്‍ ഗ്രെന്‍ഫെല്‍ നവീകരണത്തിനായി ഉപയോഗിച്ചതെന്നാണു നിഗമനം.

അമേരിക്കയില്‍ 40 അടിയില്‍കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് ഫയര്‍ സേഫ്റ്റി പരിഗണിച്ച് ഇത്തരം പാനലുകള്‍ ഉപയോഗിക്കുന്നതു നിരോധിച്ചിരിക്കുകയാണ്. ചെറിയ കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ഇവ ഉപയോഗിക്കാറുള്ളത്. ബ്രിട്ടനില്‍ മുപ്പതിനായിരത്തോളം കെട്ടിടങ്ങളാണ് ഇത്തരം പാനലുകള്‍ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്തു. ഇതില് 87 എണ്ണം ഗ്രെന്‍ഫെല്‍ മാതൃകയിലുള്ള ടവര്‍ ബ്ലോക്കുകളാണ്. ഇത്തരം കെട്ടിടങ്ങളില്‍ നിന്ന് വിവാദ പാനലുകള്‍ പൊളിച്ചുനീക്കണമെന്ന് ശക്തമായ ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ പാനലുകള്‍ക്കെതിരേ തെളിവു ലഭിച്ചാല്‍ കരാറുകാരെ ജയിലില്‍ അടയ്ക്കണമെന്ന് ഫയര്‍ സേഫ്റ്റി വിദഗ്ദന്‍ പറഞ്ഞു.

70 മീറ്റര്‍ ഉയരമുള്ള ഗ്രെന്‍ഫെല്‍ ടവറൊന്നാകെ കണ്‍മുന്നില്‍ കത്തിയമര്‍ന്നതും ജീവരക്ഷക്കായുള്ള നിലവിളി കേള്‍ക്കുേമ്പാഴും ഒന്നും ചെയ്യാനാവാതെ നിസ്സഹായരായതിന്റെയും നടുക്കത്തിലാണ് പരിസരവാസികള്‍. സംഭവം കഴിഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞും കെട്ടിടത്തില്‍നിന്നും തീയും പുകയും ഉയരുന്നുണ്ട്. കെട്ടിടത്തിലെ ഓരോ നിലകളായി അഗ്്നിശമന സേന ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും നടത്തുന്ന തിരച്ചില്‍ തുടരുകയാണ്.

കെട്ടിടത്തില്‍ താമസിച്ചിരുന്ന ബന്ധുക്കളെ സംബന്ധിച്ച് വിവരമില്ലെന്ന് കാണിച്ച് നൂറോളമാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ അവശേഷിച്ചവരാരും ജീവനോടെയുണ്ടാവില്ലെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. 1974ല്‍ പണിത കെട്ടിടത്തിന് സുരക്ഷഭീഷണിയുണ്ടെന്നു കാണിച്ച് നല്‍കിയ പരാതി അധികൃതര്‍ നിരന്തരം അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അഗ്നി മുന്നറിയിപ്പ്, ശമന സംവിധാനങ്ങള്‍ എന്നിവ കെട്ടിടത്തിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് സംഭവസ്ഥലം സന്ദര്‍ശിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശനനടപടികളുണ്ടാവുമെന്നും അവര്‍ പറഞ്ഞു. ദുരന്തത്തില്‍ ഇന്ത്യക്കാര്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അന്വേഷിച്ചു വരികയാണ്. 24 നില കെട്ടിടമാണു കഴിഞ്ഞദിവസം അര്‍ധരാത്രിക്കു ശേഷം അഗ്നി വിഴുങ്ങിയത്. 120 ഫ്ലാറ്റുകളിലായി അറുനൂറോളം പേരാണ് ഇവിടെ താമസിച്ചിരുന്നത്. മിക്കവരും ഉറക്കത്തിലായിരുന്ന സമയത്താണു തീപിടിത്തമുണ്ടായത്.

 

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: