കര്‍ഷകര്‍ക്ക് ഒരു കോടി രൂപ സഹായവുമായി രജനി; രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ആദ്യപടിയാണെന്ന് റിപ്പോര്‍ട്ടുകള്‍

ചെന്നൈ: കാര്‍ഷികവൃത്തി നഷ്ടത്തിലായതോടെ കര്‍ഷകസമരം കൊടുമ്പിരി കൊള്ളുന്ന തമിഴ്‌നാട്ടില്‍, കര്‍ഷകര്‍ക്ക് ഒരു കോടി രൂപ സഹായധനവുമായി ചലച്ചിത്ര താരം രജനികാന്ത്. സമരമുഖത്തുള്ള കര്‍ഷകരുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയ സൂപ്പര്‍താരം, അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും സാമ്പത്തിക സഹായം ഉറപ്പുനല്‍കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറിലെ ജന്മദിനാഘോഷത്തില്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം താരം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നതിനിടെയാണ്, തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന കര്‍ഷകസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബര്‍ 12ന് ആണു രജനിയുടെ ജന്മദിനം. അന്ന് അദ്ദേഹം തന്റെ രാഷ്ട്രീയപ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഓഗസ്റ്റില്‍ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതു സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ മാസം അഞ്ചുദിനം നീണ്ട ആരാധക സമ്പര്‍ക്ക പരിപാടിക്കിടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. യുദ്ധം വരുമ്പോള്‍ വിളിക്കുമെന്നും അപ്പോള്‍ കാണണമെന്നുമായിരുന്നു ആഹ്വാനം.

രജനിയുടെ രാഷ്ട്രീയ പ്രവേശനം നേരത്തേയും ചര്‍ച്ചയായിരുന്നെങ്കിലും ഇത്തവണ താരം രണ്ടും കല്‍പ്പിച്ചു തന്നെയാണെന്നു സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു. അടുപ്പമുള്ളവരോടെല്ലാം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനി ചര്‍ച്ച നടത്തിക്കഴിഞ്ഞു. അനുയോജ്യമായ സമയം ഇതാണെന്ന പൊതുധാരണയാണു ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്.

ജയലളിതയുടെ മരണത്തിനു ശേഷം അണ്ണാ ഡിഎംകെയില്‍ ഉടലെടുത്ത പ്രതിസന്ധി പുതിയൊരു രാഷ്ട്രീയ ശക്തിക്കു വളരാനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുക രജനിയെപ്പോലൊരു സൂപ്പര്‍ താരത്തിനായിരിക്കുമെന്ന വികാരമാണ് അദ്ദേഹത്തിനൊപ്പമുള്ളവര്‍ പങ്കുവയ്ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: