കാലാവധി കഴിഞ്ഞിട്ടും കാര്യക്ഷമതയോടെ ആയിരം ദിനങ്ങള്‍ പിന്നിട്ട് മംഗള്‍യാന്‍

ആയിരം ദിനങ്ങള്‍ പിന്നിട്ട് ഇന്ത്യയുടെ മംഗള്‍യാന്‍ ചരിത്രദൌത്യം തുടരുന്നു. ആറുമാസംമാത്രം ആയുസ്സ് പ്രവചിച്ച ഉപഗ്രഹം ഇനിയും വര്‍ഷങ്ങള്‍ ദൌത്യം തുടരുമെന്ന പ്രത്യാശയില്‍ ഐഎസ്ആര്‍ഒ. ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൌത്യപേടകമായ മംഗള്‍യാന്‍ തിങ്കളാഴ്ചയാണ് ഭ്രമണപഥത്തില്‍ 1000 ദിനം പിന്നിട്ടത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 2014 സെപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാന്‍ എത്തി. രണ്ടരവര്‍ഷത്തിനിടെ 388 തവണ പേടകം ചൊവ്വയെ പ്രദക്ഷിണംവച്ചു. ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, പര്‍വതങ്ങള്‍, താഴ്വരകള്‍, ധ്രുവങ്ങളിലെ ഹിമതൊപ്പികള്‍, പൊടിക്കാറ്റ് തുടങ്ങി ഒട്ടേറെ അപൂര്‍വ ചിത്രങ്ങള്‍ അയച്ചു. നൂറുകണക്കിനു ചിത്രങ്ങളും അന്തരീക്ഷം, പ്രതലഘടന തുടങ്ങിയവയെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങളും ലഭ്യമാക്കി. ഇതെല്ലാം ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

പതിമൂന്ന് കിലോഗ്രാം ഇന്ധനംകൂടി പേടകത്തില്‍ അവശേഷിക്കുന്നുണ്ട്. ഭ്രമണപഥം ക്രമീകരിക്കുന്നതിനും മറ്റുമായി വല്ലപ്പോഴുമേ ഈ ഇന്ധനം ഉപയോഗിക്കുന്നുള്ളൂ. മാര്‍സ് കളര്‍ ക്യാമറയടക്കമുള്ള എല്ലാ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും സാങ്കേതികമികവോടെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. അപ്രതീക്ഷിതമായ സാങ്കേതികപ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മംഗള്‍യാന്‍ ദൌത്യം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: