ബ്രക്സിറ്റ് അനിശ്ചിതത്വം തുടരുമെങ്കിലും തൊഴില്‍ മേഖലയില്‍ ഇത് മികച്ച വര്‍ഷം: ഐ.ഡി.എ അയര്‍ലന്‍ഡ്

ഡബ്ലിന്‍: പോയ വര്‍ഷത്തെ തൊഴില്‍ മേഖലയിലെ കണക്കുകളുമായി പരിശോധിച്ചപ്പോള്‍ 2017 ല്‍ വന്‍ നേട്ടങ്ങള്‍ക്ക് തുടക്കമിട്ടതായി ഐ.ഡി.എ അയര്‍ലന്‍ഡ് വെളിപ്പെടുത്തുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ വേരോട്ടം ശക്തമാക്കിയ വര്‍ഷം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ഐ.ഡി.എ 9,100 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഈ വര്‍ഷത്തില്‍ അത് 11 ,000 കടന്നിരിക്കുകയാണ്. ഡബ്ലിനില്‍ മൈക്രോസോഫ്റ്റ് 600 തൊഴിലവസരങ്ങള്‍ നല്‍കിയപ്പോള്‍ ഇന്‍ഡീഡ് ഡോട് കോം ഡബ്ലിനില്‍ 500 ഉം, ലീമെറിക്കില്‍ നോര്‍ത്തേണ്‍ ട്രസ്റ്റ് 400 , കോര്‍ക്കിലെ കാര്‍ലോയിലും എം.എസ്.ഡി 330 എന്നിങ്ങനെ അവസരങ്ങളുടെ ഒരു പൂക്കാലം തന്നെയുണ്ടായി.

ക്ലയറില്‍ എലമെന്റ് സിക്‌സ് 100 അവസരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഡബ്ലിനില്‍ പിറ്റ്‌നി ബോവസ്സ്, കോര്‍ക്കില്‍ ഏലിയന്‍ വാള്‍ട്ട്, കേറിയില്‍ ബോര്‍ഗ് വാര്‍ണര്‍ എന്നീ കമ്പനികളും അവസരങ്ങളുമായി രംഗത്ത് വന്നിരുന്നു. 2017 -ലെ 114 ബിസിനസ്സ് പദ്ധതികളില്‍ ലൈഫ് സയന്‍സ്, റ്റെക്‌നിളജി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ മേഖലകളാണ് നിക്ഷേപങ്ങളില്‍ മുന്‍നിരയിലുള്ള ബിസിനസ്സ് ഗ്രൂപ്പുകള്‍. അയര്‍ലണ്ടില്‍ നിക്ഷേപം നടത്താന്‍ യു.കെയിലെ കമ്പനികള്‍ എത്തിയത് തൊഴില്‍ മേഖലയുടെ വളര്‍ച്ച വര്‍ദ്ധിപ്പിച്ചതായി ഐ.ഡി.എ അയര്‍ലന്‍ഡ് സി.ഇ.ഓ മാര്‍ട്ടിന്‍ ഷാനന്‍ വ്യക്തമാക്കി. നിക്ഷേപ താത്പര്യവുമായി അന്വേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രക്സിറ്റ് നിയമവും, യു.എസ്സിലെ പുതിയ ഭരണകൂടം തുടങ്ങിയ സാഹചര്യങ്ങള്‍ അയര്‍ലന്‍ഡിന് സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ബ്രക്സിറ്റിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന മേഖലകളില്‍ ഉണ്ടാകുന്ന നഷ്ടം നിക്ഷേപ സാധ്യതയിലൂടെ വളര്‍ത്തിയെടുക്കാനുള്ള തന്ത്രത്തില്‍ ഐ.ഡി.എ വിജയം കണ്ടെത്തിക്കഴിഞ്ഞു. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതില്‍ ഐ.ഡി.എ യുടെ പങ്ക് നിഷേധിക്കാന്‍ കഴിയില്ലെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: