ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിംകോടതി

നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രിംകോടതി അനുവദിച്ചത്. പാലക്കാട് പ്രവേശിക്കാന്‍ അനുമതി വേണമെന്നാണ് കൃഷ്ണദാസ് സുപ്രിംകോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഹര്‍ജി സുപ്രിംകോടതി തള്ളുകയായിരുന്നു. ഷാഹിര്‍ ഷൗക്കത്തലി കേസും കോടതിയുടെ പരിഗണനയില്‍ വന്നു. കോയമ്പത്തൂര്‍ വിട്ടുപോകാന്‍ പാടില്ലെന്നും കൃഷ്ണദാസിന് നിര്‍ദ്ദേശമുണ്ട്. രണ്ട് കേസുകളിലെയും വിശദാംശങ്ങളിലേക്ക് പോകാന്‍ കോടതി തയ്യാറായിട്ടില്ല.

ജിഷ്ണു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സിബിഐ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഷാഹിറിനെ മര്‍ദ്ദിച്ച കേസിലും ജിഷ്ണു മരിച്ച കേസിലും കൃഷ്ണദാസിനും മറ്റ് പ്രതികള്‍ക്കും അനുവദിച്ച മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി പരിഗണിച്ചില്ല. കൃഷ്ണദാസിനെതിരായ കേസുകള്‍ ഗൗരവമേറിയതാണെന്നും ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് ശരിവച്ച കോടതി ജാമ്യം റദ്ദാക്കുന്നതിന് പകരം സംസ്ഥാനത്ത് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നു.

അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ മാത്രമേ കൃഷ്ണദാസ് കേരളത്തിലെത്താവൂവെന്നും കോടതി ആവശ്യപ്പെട്ടു. കേസുകളിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും കൃഷ്ണദാസ് ഇടപെടുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് സുപ്രിംകോടതി ഉത്തരവ് വന്നിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: