ആറുവയസ്സുകാരിക്ക് എയര്‍ ഇന്ത്യയില്‍ സീറ്റില്ലാതെ യാത്ര

എയര്‍ ഇന്ത്യ വിമാനത്തില്‍ ആറുവയസ്സുകാരിക്ക് സീറ്റില്ലാതെ യാത്രചെയ്യേണ്ടിവന്നതായി പരാതി. തലശ്ശേരി പാനുണ്ട ചക്ക്യേത്ത് ഹൗസില്‍ ദീപേഷിന്റെ മകള്‍ ആവണിക്കാണ് സഹയാത്രികന്റെ മടിയിലും സീറ്റുകള്‍ക്കിടയിലുമായി ഇരുന്ന്, സീറ്റ് ബെല്‍റ്റില്ലാതെ മണിക്കൂറുകള്‍നീണ്ട വിമാനയാത്ര പൂര്‍ത്തിയാക്കേണ്ടിവന്നത്. അമ്മ അനഘയ്ക്കൊപ്പം ബുധനാഴ്ച ഷാര്‍ജയില്‍നിന്ന് ഐ.എക്സ്. 354 വിമാനത്തിലാണ് ആവണി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.

അച്ഛന്‍ ദീപേഷിനെ സന്ദര്‍ശിക്കാനാണ് ആവണിയും അമ്മയും യു.എ.ഇ.യിലേക്ക് പോയത്. രണ്ടുമാസത്തിനുശേഷം തിരികെവരുന്നതിനായി നേരത്തെതന്നെ ട്രാവല്‍ ഏജന്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്തു. ബോര്‍ഡിങ് പാസ് എടുക്കുമ്പോള്‍പോലും സീറ്റില്ലാത്തവിവരം വിമാന അധികൃതര്‍ പറഞ്ഞിരുന്നില്ലെന്ന് അനഘ പറയുന്നു.

വിമാനത്തില്‍ കയറിയപ്പോള്‍ അനുവദിച്ച സീറ്റുകളില്‍ മറ്റുയാത്രക്കാര്‍ ഇരിക്കുന്നതാണ് കണ്ടത്. ഇവരോട് കാര്യം തിരക്കിയപ്പോള്‍ തങ്ങളോട് ഇവിടെയിരിക്കാനാണ് പറഞ്ഞതെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഒരു ഒഴിഞ്ഞസീറ്റില്‍ അനഘ ഇരുന്നു. വിമാനം ഉയരുന്ന വേളയില്‍, തൊട്ടടുത്തിരുന്ന യാത്രക്കാരന്റെ മടിയിലാണ് ആവണിയെ ഇരുത്തിയത്. തുടര്‍ന്ന് രണ്ടുപേരുടെ സീറ്റുകള്‍ക്കിടയില്‍ ഞെരുങ്ങിയിരുന്ന് നാലുമണിക്കൂറോളംനീണ്ട യാത്ര പൂര്‍ത്തിയാക്കി. വിമാനമിറങ്ങുമ്പോഴും ഇത്തരത്തില്‍ സഹയാത്രികന്റെ മടിയിലിരുന്നു.

വിമാനയാത്രയില്‍ യാത്രക്കാരന്റെ സുരക്ഷിതത്വത്തിന് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. താഴുമ്പോഴും ഉയരുമ്പോഴും വായുവില്‍ മര്‍ദവ്യതിയാനം ഉണ്ടാകുമ്പോഴും ബെല്‍റ്റ് നിര്‍ബന്ധമായും ഇടേണ്ടതുണ്ട്. അമ്മമാരുടെ മടിയില്‍കിടക്കുന്ന ശിശുക്കള്‍ക്ക് പോലും ബെല്‍റ്റ് ഘടിപ്പിക്കും. ആവണിക്ക് യാത്രയില്‍ സീറ്റ് ബെല്‍റ്റിന്റെ സുരക്ഷിതത്വം ഉണ്ടായിരുന്നില്ല. കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിനുശേഷം എയര്‍ ഇന്ത്യ ഓഫീസില്‍ അനഘ പരാതിയറിയിച്ചു. എന്നാല്‍ രണ്ട് ഇ-മെയില്‍ വിലാസങ്ങള്‍ നല്‍കി അതിലേക്ക് പരാതി അയയ്ക്കാന്‍ പറയുകയാണ് അവര്‍ ചെയ്തത്.

 
എ എം

Share this news

Leave a Reply

%d bloggers like this: