കോക്ക കോള കേരളം വിടുന്നു; ജനകീയ സമരത്തിന്റെ വിജയം

പ്ലാച്ചിമടക്കാരുടെ ഐക്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ കോക്ക കോള കമ്പനി മുട്ടുമടക്കി. പ്ലാച്ചിമടയിലെ കോക്ക കോള പ്ലാന്റ് ഇനി തുറക്കില്ലെന്ന് കമ്പനി സുപ്രീംകോടതിയെ അറിയിച്ചു. ഒരു പ്രദേശത്തെ ശുദ്ധജലം മുഴുവന്‍ ഊറ്റി ജനങ്ങള്‍ക്ക് കുടിവെള്ളം പോലും ഇല്ലാതാക്കിയ കോള കമ്പനിക്കെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരം 15 വര്‍ഷം പിന്നിടുമ്പോഴാണ് പ്ലാച്ചിമടയില്‍ നിന്ന് പിന്മാറാനുള്ള കമ്പനിയുടെ തീരുമാനം.

ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് പ്ലാന്റ് പുനരാരംഭിക്കാന്‍ ഉദ്ദേശമില്ലെന്നാണ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചത്. കമ്പനിയ്ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച പെരുമാട്ടി പഞ്ചായത്തിന്റെ നടപടിയെ ചോദ്യം ചെയ്യില്ലെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെ കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനിന്നിരുന്ന എട്ട് കേസുകളും ജസ്റ്റിസുമാരായ രോഹിന്ടന്‍ നരിമാന്‍, എസ്.കെ കൌള്‍ എന്നിവരുടെ ബഞ്ച് തീര്‍പ്പാക്കി. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നിര്‍ദേശം നല്‍കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും പെരുമാട്ടി പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോര്‍ഡുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേരളം കണ്ട വലിയ ജനകീയ സമരങ്ങളില്‍ ഒന്നാണ് പ്ലാച്ചിമട. 2000-ത്തിലാണ് പ്ലാച്ചിമടയില്‍ കോക്ക കോള ഫാക്ടറി ആരംഭിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അതിന്റെ ദുഷ്ഫലങ്ങള്‍ നാട്ടുകാര്‍ അനുഭവിക്കാന്‍ തുടങ്ങിയിരുന്നു. പ്രദേശത്തെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നു. കൃഷിയ്ക്കുപയോഗിക്കാമെന്ന് പറഞ്ഞ് കമ്പനി നല്‍കിയ ഖരമാലിന്യം മണ്ണിന്റെ ഫലഭൂയിഷ്ടതയെ ഇല്ലായ്മ ചെയ്തു.

മണ്ണില്‍ അപകടകരമായ തോതില്‍ കാഡ്മിയം, ഈയം തുടങ്ങിയ രാസവസ്തുക്കളുടെ അംശം കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയടക്കം അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജലചൂഷണവും ജലമലിനീകരണവും ശ്രദ്ധയില്‍ പെട്ട പ്രദേശവാസികള്‍ അതിജീവനത്തിനായുള്ള പോരാട്ടം അങ്ങനെ തുടങ്ങുകയായിരുന്നു. 2002 ഏപ്രില്‍ 22ന് കമ്പനിയുടെ മുന്നില്‍ ജനകീയ സമരം ആരംഭിച്ചു. നിരന്തര സമരങ്ങള്‍ കാരണം തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതി വന്നതോടെ 2003-ല്‍ കമ്പനി താത്കാലികമായി അടച്ചുപൂട്ടി. വീണ്ടും തുറക്കില്ലെന്ന് കമ്പനി തീരുമാനിച്ചതോടെ സമരം വിജയം കണ്ടിരിക്കുകയാണ്. ലോകത്ത് ആദ്യമായാണ് കോക്ക കോള കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: