അയര്‍ലണ്ടിലെ 92 ശതമാനം ജനങ്ങളും ഗാര്‍ഡയില്‍ വിശ്വാസമര്‍പ്പിക്കുനതായി സര്‍വേ

ഡബ്ലിന്‍: ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഗാര്‍ഡയുടെ സേവനം സ്തുത്യര്‍ഹമാണെന്നാണ് ഭൂരിപക്ഷം അയര്‍ലണ്ടുകാരുടെയും പക്ഷം. ദേശീയ അടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലും പോലീസ് സംവിധാനം നല്ല നിലവാരം പുലര്‍ത്തുന്നുവെന്ന് പൊതുജനാഭിപ്രായം ശരിവെയ്ക്കുന്നു. സ്വതന്ത്ര സര്‍വേ നടത്തുന്ന അമാറാഷ് എന്ന ഗവേഷണ സ്ഥാപനമാണ് ഗാര്‍ഡയെക്കുറിച്ചുള്ള പൊതുജനാഭിപ്രായം തയ്യാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത 92 ശതമാനം ആളുകളും പോലീസ് ഇടപെടലില്‍ വിശ്വസ്തത പ്രകടിപ്പിച്ചിട്ടുണ്ട്. പോലീസ് വ്യവസ്ഥിതികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളും മറ്റും പൊതു വികാരത്തെ ബാധിക്കില്ലെന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

ഗാര്‍ഡ കമ്മീഷണറെ മാറ്റുന്നതുപോലുള്ള വാദങ്ങളും ജനങ്ങളെ സംബന്ധിച്ച് ഗാര്‍ഡ പോലീസിലുള്ള വിശ്വാസത്തിനു കോട്ടം തട്ടുന്നതായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗക്കാരെ കണ്ടെത്താന്‍ ചെക്ക് പോയിന്റുകളില്‍ ഗാര്‍ഡ നടത്തുന്ന ടെസ്റ്റ് വേണ്ടത്ര നിലവാരത്തിലുള്ളതല്ല എന്ന് തുടങ്ങുന്ന ഒട്ടനവധി ആരോപണങ്ങള്‍ പൊലീസിന് നേരെ വിരല്‍ ചൂണ്ടുമ്പോഴും ഐറിഷുകാര്‍ക്കിടയില്‍ എന്നും ഗാര്‍ഡക്ക് സ്വീകാര്യത ഉണ്ടെന്ന ഗവേഷണ ഫലമാണ് പുറത്തു വന്നിരിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേരുടെ അഭിപ്രായത്തില്‍ ആധുനികവും പുരോഗമനപരവുമായ പോലീസ് സേന തന്നെയാണ് ഗാര്‍ഡ എന്ന് ഉറപ്പിക്കുന്നു. സര്‍വേയില്‍ 80 ശതമാനം ആളുകളും ഗാര്‍ഡ സേവനങ്ങളില്‍ പൂര്‍ണമായും തൃപ്തരുമാണ്. പൊതുജനങ്ങള്‍ ഗാര്‍ഡയില്‍ വിശ്വാസമര്‍പ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസിംഗ് ആന്‍ഡ് സെക്യൂരിറ്റി ജോണ്‍ ടോമി വ്യക്തമാക്കി. അതിലുപരി ഗാര്‍ഡ സേവനങ്ങളുടെ പ്രാധാന്യം എത്രത്തോളം ജനസൗഹൃദമാണെന്നും ഗവേഷണഫലം ചൂണ്ടിക്കാണിക്കുന്നതായി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: