കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു

വിമാനത്തിനുള്ളില്‍ വച്ച് മൊബൈല്‍ ഫോണ്‍ ബാറ്ററിയ്ക്ക് തീപ്പിടിച്ചത് യാത്രക്കാരില്‍ പരിഭ്രാന്തിയ്ക്കിടയാക്കി. എന്നാല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച 202 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് പോയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്തതിന് ശേഷമാണ് പുക ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ തീപ്പിടുത്തത്തിന് കാരണമായ ലിഥിയം അയണ്‍ ബാറ്ററി അടങ്ങിയ ലഗേജ് ഫയര്‍ എസ്റ്റിംഗുഷര്‍ ഉപയോഗിച്ച് കെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളത്തില്‍ മുക്കി പുക കെടുത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നും ഒരു ലിഥിയം അയണ്‍ ബാറ്ററിയും രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെത്തി.

സംഭവത്തില്‍ ഉള്‍പ്പെട്ട മൊബൈല്‍ ഫോണിന്റെയോ ബാറ്ററിയുടെയോ മോഡലോ, ബ്രാന്‍ഡ് പേരോ പുറത്തുവിടാന്‍ വിമാനക്കമ്പനി തയ്യാറായില്ല. എയര്‍ബസ് എ330-200 വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: