വിമാനാപകടങ്ങളില്‍ രക്ഷകനായി സെല്‍ഫ് ഇജക്ടബിള്‍ ‘ബ്ലാക്ക് ബോക്സ്’ വികസിപ്പിച്ച് ഇന്ത്യ

ദുരൂഹമായ വിമാനാപകടങ്ങള്‍ നിരവധിയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് എയര്‍ ഇന്ത്യാ വിമാനാപകടങ്ങള്‍ നടന്ന ഫ്രാന്‍സിലെ മോണ്ട് ബ്ലാങ്കില്‍ നിന്നും അടുത്തിടെയാണ് അപകടത്തില്‍പെട്ട വിമാന യാത്രക്കാരുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനാപകടങ്ങളുടെ കാരണങ്ങള്‍ മനസിലാക്കണമെങ്കില്‍ ഏക ആശ്രയം വിമാനത്തിലെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ബ്ലാക്ക് ബോക്സാണ്. എന്നാല്‍ 2014 മാര്‍ച്ചില്‍ മലേഷ്യന്‍ വിമാനത്തിന് സംഭവിച്ചത് പോലെ അപകടത്തില്‍ പെട്ട് സമുദ്രത്തിലും മറ്റ് ജലാശയങ്ങളിലും മുങ്ങിപ്പോകുന്ന വിമാനങ്ങളുടെ ബ്ലാക്ക്ബോക്സ് കണ്ടെത്തുക പ്രയാസമേറിയ കാര്യമാണ്.

ഈ പ്രതിസന്ധി മറികടക്കാന്‍ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് വിശാഖപട്ടണത്തെ ഇന്ത്യന്‍ റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഓ)ലുള്ള നേവല്‍ സയന്‍സ് ആന്റ് ടെക്നോളജി ലബോറട്ടറി. അപകട സന്ദര്‍ഭങ്ങളില്‍ സ്വയം പുറത്തേക്ക് തെറിക്കാന്‍ കഴിയുന്ന സെല്‍ഫ് ഇജക്ടബിള്‍ ബ്ലാക്ക് ബോക്സാണ് ഡിആര്‍ഡിഓ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വെള്ളവുമായി സമ്പര്‍ക്കം വരുമ്പോഴാണ് ഈ സെല്‍ഫ് ഇജക്ടബിള്‍ ബ്ലാക്ക്ബോക്സ് പ്രവര്‍ത്തിക്കുക.

വിമാനം ജലാശയങ്ങളില്‍ വീഴുമ്പോള്‍ അതിലെ ബ്ലാക്ക്ബോക്സ് വിമാനത്തില്‍ നിന്നും സ്വയം വേര്‍പെടുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയുന്നതിനായി സിഗ്‌നല്‍ പുറപ്പെടുവിക്കുകയും ചെയ്യും.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഈ ബ്ലാക്ക് ബോക്സ് വിമാനങ്ങളിലും മുങ്ങിക്കപ്പലുകളിലും ഉപയോഗിക്കാവുന്നതാണ്. വിമാനത്തിന്റെ വേഗത, ഉയരം, അപകടകാരണം, തുടങ്ങിയവയെല്ലാം ബ്ലാക്ക്ബോക്സില്‍ ശേഖരിക്കപ്പെടും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇജക്ടബിള്‍ ബ്ലാക്ക് ബോക്സ് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാണ് പദ്ധതി.
എ എം

Share this news

Leave a Reply

%d bloggers like this: