പക്ഷിയുമായി കൂട്ടിയിടിച്ചു; തിരുവനന്തപുരം-ഷാര്‍ജ വിമാനം അടിയന്തരമായി തിരിച്ചിറക്കി

 

യന്ത്രത്തകരാറിനെ തുടര്‍ന്നു തിരുവനന്തപുരത്തു നിന്നു ഷാര്‍ജയിലേക്കു പുറപ്പെട്ട എയര്‍ അറേബ്യ 445 വിമാനം തിരിച്ചിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്നും തകരാര്‍ പരിശോധിച്ചു വരികയാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. 174 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

ഇന്നലെ വൈകിട്ട് 7.38 നാണ് വിമാനം പറന്നുയര്‍ന്നത്. 10 മിനിറ്റ് പറന്നതിനു ശേഷമാണ് യന്ത്രത്തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ വിവരമറിയിച്ചു. വിമാനം അടിയന്തരമായി തിരിച്ചിറങ്ങുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

7.58നു വിമാനം സുരക്ഷിതമായി തിരിച്ചിറക്കി യാത്രക്കാരെ മാറ്റി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ എന്‍ജിന്‍ ഭാഗത്തു പക്ഷി ഇടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇത് വിമാനം പറന്നുയരുന്നതിനിടെ സംഭവിച്ചതാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

എന്‍ജിനു സമീപമുള്ള ചില യന്ത്രഭാഗങ്ങള്‍ വളഞ്ഞിട്ടുണ്ട്. രണ്ടു സ്ഥലത്തു രക്തക്കറയും കണ്ടെത്തി. എന്നാല്‍ റണ്‍വേയില്‍ നടത്തിയ പരിശോധനയില്‍ പക്ഷിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. ഇന്നു രാവിലെയുള്ള വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി കേടുപാടുകള്‍ പരിഹരിക്കും.

 
എ എം

 

Share this news

Leave a Reply

%d bloggers like this: